ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി; താത്പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിയുമായി സര്‍ക്കാര്‍

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി; താത്പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിയുമായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

  വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പദ്ധതികളുടെ അനുമതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അവലോകന സമിതി രൂപീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ച താത്പര്യപത്രങ്ങളില്‍ അമ്പത് കോടിയ്ക്ക് മുകളിലുള്ള സംരംഭങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കെഎസ്ഐഡിസി വഴി നടപ്പാക്കും. അമ്പത് കോടിയില്‍ താഴെയുള്ള(എംഎസ്എംഇ) നിക്ഷേപ താത്പര്യപത്രങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വ്യവസായവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വഴിയാണ് നടപ്പാക്കുന്നത്. ഐടി മേഖലയുടെ താത്പര്യപത്രങ്ങള്‍ ഐടി വകുപ്പ് തന്നെ കൈകാര്യം ചെയ്യും.

അമ്പത് കോടിയ്ക്ക് മുകളിലുള്ള പദ്ധതികളുടെ നടത്തിപ്പിനായി കെഎസ്ഐഡിസി പ്രത്യേക സംഘത്തെ നിയമിക്കും. സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദ്ദേശങ്ങളെ ഏഴ് മേഖലകളായി കോര്‍ത്തിണക്കി മാനേജര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍റെ ചുമതലയില്‍ ഏഴ് സംഘങ്ങള്‍ക്ക് രൂപം നല്‍കും. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏഴംഗ ടീമിനോടൊപ്പം അതത് മേഖലയിലെ വിദഗ്ധരെ കൂടി ചുമതലപ്പെടുത്തും. ആദ്യഘട്ടത്തില്‍ 12 വിദഗ്ധരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി ലഭിച്ച പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡ് വഴി പൊതുമണ്ഡലത്തില്‍ ലഭ്യമാക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികളുടെ പുരോഗതിയുടെ വിശകലനം നടത്തും. മാസം തോറും വ്യവസായമന്ത്രിയുടെ അധ്യക്ഷതയിലും പദ്ധതികള്‍ വിലയിരുത്തും. വ്യവസായവകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന നയങ്ങളും ഫ്രെയിംവര്‍ക്കുകളും രണ്ടു മാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്ന മുറയ്ക്ക് നാല് മാസത്തിനുള്ളില്‍ അനുമതി നല്‍കിത്തുടങ്ങാന്‍ സാധിച്ചേക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

  കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി ലഭ്യമായ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പോര്‍ട്ടല്‍ രൂപീകരിക്കും. കിന്‍ഫ്ര,കെഎസ്ഐഡിസി, വ്യവസായ ഡയറക്ടറേറ്റ്, അനുമതി ലഭിച്ച സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ എന്നിവയ്ക്ക് കീഴിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ഇതിലുണ്ടാകും. ഇതിനു പുറമെ സ്വകാര്യമേഖലയില്‍ നിന്നും വ്യവസായത്തിനായി ഭൂമിനല്‍കാന്‍ താത്പര്യമുള്ളവരുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ഇതില്‍ നല്‍കും. വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ താല്പര്യമുള്ളവരുടെ ഭൂമിയുടെ വിവരങ്ങളും വ്യവസായങ്ങള്‍ക്കായി ഭൂമി ആവശ്യമുള്ളവരുടെ വിവരങ്ങളും തമ്മില്‍ കോര്‍ത്തിണക്കാന്‍ ഈ പോര്‍ട്ടല്‍ വഴി സാധിക്കും.

ഇതുവരെ 372 പദ്ധതികള്‍ക്കുള്ള താല്‍പര്യപത്രമാണ് ലഭിച്ചിട്ടുള്ളത്. 1.52 ലക്ഷം കോടിയില്‍ പരം രൂപയുടെതാണ് ഈപദ്ധതികള്‍. ഇന്‍വെസ്റ്റ് കേരള സമാപന ചടങ്ങ് നടക്കുമ്പോഴും താത്പര്യപത്രം ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്‍ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉച്ചകോടിയിലെ വിവിധ സെഷനുകളില്‍ നടന്ന ചര്‍ച്ചകളുടെ സംക്ഷിപ്തവിവരണവും, ചര്‍ച്ചകളുടെ മുഴുവന്‍ വീഡിയോയും ഇന്‍വെസ്റ്റ് കേരള വെബ്സൈറ്റ് വഴി ലഭ്യമാക്കും.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ് എസ് നായര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.