സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കൊച്ചി: രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്ളുവന്‍സ 2024 കൊച്ചി രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍(ആര്‍സിഇടി) നടക്കും. വ്യവസായസൗഹൃദമായ വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വയ്ക്കുന്ന ഈ സമ്മേളനം സംസ്ഥാനത്തെ 250ലേറെ വരുന്ന ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കും ആര്‍സിഇടിയുമായ സഹകരിച്ചാണ് നടത്തുന്നത്.

പ്രതിഭകളുടെ ഭാവി(ഫ്യൂച്ചര്‍ ഓഫ് ടാലന്‍റ്) എന്നതാണ് നവംബര്‍ ആറിന് നടക്കുന്ന കോണ്‍ഫ്ളുവന്‍സ് 2024 ന്‍റെ പ്രമേയം.

സംസ്ഥാനത്തെ വ്യവസായ ആവാസ വ്യവസ്ഥയിലെ പ്രമുഖരായ ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐഇഇഇ ഇന്ത്യ കൗണ്‍സില്‍, കൊച്ചി മെട്രോ റെയില്‍ തുടങ്ങിയവയുടെ സഹകരണവും ഈ സമ്മേളനത്തിനുണ്ട്.

വര്‍ത്തമാനകാല വ്യാവസായിക ആവാസ വ്യവസ്ഥയെ അടിമുടി മാറ്റുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇന്ന് ലോകമെമ്പാടും ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജി-ടെക്ക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ്വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. നിര്‍മ്മിതബുദ്ധി(എഐ) പോലുള്ള ആധുനിക സാങ്കേതികവിദ്യയുമായി താദാമ്യം പ്രാപിക്കാന്‍ അക്കാദമിക രംഗത്തുള്ളവര്‍, ഐടി പ്രൊഫഷണലുകള്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവര്‍ വിപ്ലവകരമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.

നൂതന സാങ്കേതികവിദ്യയിലേക്കുള്ള ഈ ചുവട്മാറ്റം ഐടി ജീവനക്കാര്‍ ദ്രുതഗതിയില്‍ സ്വായത്തമാക്കണം. അതിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസരംഗം നിലവിലെ സാഹചര്യത്തിനൊത്ത് ഉയരേണ്ടതുണ്ട്. കോണ്‍ഫ്ളുവന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രഗല്‍ഭരായ പ്രൊഫഷണലുകള്‍ സ്വന്തം അനുഭവ പരിചയം പങ്കുവയ്ക്കുന്നതിലൂടെ ഈ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും ഐടി ആവാസവ്യവസ്ഥയെയും ഒരുപോലെ സഹായിക്കുമെന്നും വി കെ മാത്യൂസ് പറഞ്ഞു.

വിജ്ഞാന മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരും വിജ്ഞാന-സാങ്കേതിക മേഖലയിലെ പ്രമുഖരും ഈ ഉച്ചകോടിയില്‍ പ്രഭാഷണങ്ങള്‍ നടത്തും. വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സമ്മേളനത്തില്‍ ഉണ്ടാകും.

സാങ്കേതിക വര്‍ക്ക് ഷോപ്പുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനം, ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും ഉത്തന്നങ്ങളുടെയും പ്രദര്‍ശനം, പിഎച്ച്ഡി കോണ്‍ക്ലേവ്, റിസര്‍ച്ച് പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഐടി ആവാസ വ്യവസ്ഥയുടെ ആവശ്യങ്ങളെപ്പറ്റിയും പ്രവര്‍ത്തന രീതികളെപ്പറ്റിയും സാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് നേരില്‍കണ്ട് മനസ്സിലാക്കാനുള്ള അസുലഭ അവസരമാണ് കോണ്‍ഫ്ളുവന്‍സ് 2024 എന്ന് ആര്‍സിഇടി പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ. ജെയ്സണ്‍ മുളേരിക്കല്‍ സിഎംഐ പറഞ്ഞു. ആശയ വിനിമയത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും പുതുതലമുറ തൊഴില്‍രംഗത്തെ പ്രതിഭകളുടെ തലസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://www.rajagiritech.ac.in/confluence/Registration.asp  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 80756 14084 / 85476 35562 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

                                                                       

Also Read