വിവരാവകാശ കമ്മീഷൻ ആരെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ല: മുഖ്യ വിവരാവകാശ കമ്മീഷണർ

സംസ്ഥാന വിവരാവകാശ കമ്മീഷൻ, ഒരു വിവരാവകാശ അപേക്ഷകനേയും കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമം രാജ്യമൊട്ടാകെ പ്രാബല്യമുളള നിയമമാണ്. ഈ നിയമത്തിലോ അതിന്റെ കീഴിലുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലോ ഒരാളെയും കരിമ്പട്ടികയിൽ പെടുത്താനുള്ള വ്യവസ്ഥകളില്ല.
എന്നാൽ വിവേചനരഹിതമായ നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ വിവിധ പൊതു അധികാരികൾ മുമ്പാകെ ഫയൽ ചെയ്തുവരുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്നുളളത് കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുളളതാണ്.
വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങൾ എന്ന രീതിയിൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ വാർത്തകൾ വരുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത് കൂടാതെ ആർ.ടി.ഐ ക്ലബ്ബുകൾ രൂപീകരിക്കുന്നതു സംബന്ധിച്ച വാർത്തകളും ദൃശ്യശ്രവ്യ മാധ്യമങ്ങളിൽ വരുന്നതായി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്.
ആർ.ടി.ഐ ക്ലബ്ബുകളോ അനുബന്ധ സംവിധാനങ്ങളോ സ്‌കൂൾ/ കോളേജ് മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ രൂപീകരിക്കുന്നതിന് കമ്മീഷൻ ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ല. വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങൾ മുഖ്യ വിവരാവകാശ കമ്മീഷണറാണ് പ്രഖ്യാപിക്കുന്നത്.
ഫുൾ കമ്മീഷൻ യോഗം കൂടിയ ശേഷമാണ് നയപരമായ തീരുമാനങ്ങൾ കമ്മീഷൻ കൈകൊളളുന്നത്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...