തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും
തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് വർധനവ് അനുവദിക്കുക. നിർമ്മാണ സാമഗ്രികളുടെ വിലവർധനവിനെ തുടർന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരജില്ലകളിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് കൂടുതൽ ചെലവ് വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കാം. പൊതുമരാമത്ത് പ്രവർത്തികൾ ഗുണമേന്‍മ ഉറപ്പുവരുത്തി പൂർത്തിയാക്കാൻ ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു