നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി
എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്ത് പുത്തന്‍ ചുവടുവയ്പ്പാകും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാര്‍ക്കറ്റ് സമുച്ചയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉദ്ഘാടനവും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2022 ലാണ് വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വ്യാപാര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി ഒരു ദിവസം പോലും മുടങ്ങാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നാടിന്റെ വികസന കാര്യങ്ങളില്‍ എല്ലാവരും കൈകോര്‍ത്തു. കെട്ടിടം പണിയുക എന്നത് അത്ര എളുപ്പമല്ല. കച്ചവടക്കാര്‍ വിശ്വാസപൂര്‍വം സഹകരിച്ചു. അതുകൊണ്ടുതന്നെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ സാധിച്ചതും മാതൃകാപരമാണ്.
ഇവിടെ മാത്രമല്ല, എല്ലായിടത്തും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
ആകെ 4 നിലകളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര അടിയിലാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. 73 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. മൂന്നു നിലകളിലായി 275 ഷോപ്പുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഒരു നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയ മാര്‍ക്കറ്റ് നിലനിന്നിരുന്ന 1.63 ഏക്കര്‍ സ്ഥലത്താണ് പുതിയ കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുങ്ങുകയാണ്. 25 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ 120 കാറുകളും 100 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും. ഇത്തരം നിര്‍മ്മാണങ്ങള്‍ സുസ്ഥിരവും പ്രകൃതിസൗഹൃദവും ആയിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ ഈ സമുച്ചയത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് 40 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകള്‍ ഒരുക്കിയിട്ടുണ്ട്.
മാര്‍ക്കറ്റ് നിര്‍മാണ ചിലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 50 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് വാണിജ്യ സമുച്ചയം.
കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുകയാണ്. 43 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 44 പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെയും പശ്ചിമ കൊച്ചിയിലെയും റോഡുകള്‍ ഉന്നത നിലവാരമുള്ളവയാക്കി മാറ്റുകയാണ്. നടപ്പാതകള്‍, സൈക്ലിംഗ് ലെയ്‌നുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇതിനോടകം പല റോഡുകളും നവീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. നഗരത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 446 സിസി ടിവി ക്യാമറകളും, ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി 104 ക്യാമറകളും സ്ഥാപിച്ചു .
പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. ഫോര്‍ട്ട് കൊച്ചി ബീച്ച്, വാസ്‌കോഡഗാമ സ്‌ക്വയര്‍, നെഹ്‌റു പാര്‍ക്ക്, ഡച്ച് പാലസ്, ജയില്‍ മ്യൂസിയം, ജ്യൂ സ്ട്രീറ്റ് എന്നിവ നവീകരിച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവ് നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ രംഗത്തും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവുകയാണ്.
കൊച്ചിയെ ഹരിത നഗരമാക്കി മാറ്റുന്നതിന് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുകയും റൂഫ് ടോപ്പ് സോളാര്‍ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടക്കുകയാണ്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടത്തിലേക്ക് നമ്മള്‍ കടന്നിരിക്കുകയാണ്. നാടിന്റെ മുക്കും മൂലയും വൃത്തിയാക്കാന്‍ എല്ലാ വകുപ്പുകളും യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം.
സംസ്ഥാനമാകെ മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് വെള്ളം ശുദ്ധമാക്കുന്നതിനു ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആദ്യ ഘട്ടം കൊണ്ടുതന്നെ മാലിന്യസംസ്‌കരണത്തിനായുള്ള അടിസ്ഥാന ഘടകങ്ങള്‍ ഒരുക്കുന്നതില്‍ നല്ല രീതിയില്‍ മുന്നേറാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഹരിത കര്‍മ്മസേനയും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും എല്ലാം ഇന്ന് സജീവമാണ്
നഗരങ്ങളില്‍ ജല ഉപയോഗം അനുദിനം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജലമുണ്ടായാല്‍ മാത്രം പോരാ, അവ ശുദ്ധമായിരിക്കുകയും വേണം. കൊച്ചിയെ സംബന്ധിച്ച് ജലസമൃദ്ധിക്ക് കുറവില്ല. പക്ഷേ, അത് എത്രമാത്രം ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് എന്നത് പരിശോധിക്കണം. ഈ നഗരത്തില്‍ തന്നെ നിരവധി ജലാശയങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു എന്നതാണ് വസ്തുത. പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ഇവയെ പുനരുജ്ജീവിപ്പിച്ചാല്‍ തന്നെ എത്രമാത്രം വെള്ളം നഗരത്തിന് ലഭ്യമാക്കാന്‍ കഴിയും. ഈ നിലയ്ക്കുള്ള മുന്‍കൈകള്‍ നടത്താനും ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കഴിയണം.
അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമായാണ് നടക്കുന്നത്.സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ ഉദാരമതികളുടെ സേവനവും പ്രവാസികളുടെ സഹായവും പ്രയോജനപ്പെടുത്തും.
നവംബര്‍ ഒന്നിന് മുമ്പ് ഇവയെല്ലാം പൂര്‍ത്തികരിക്കാനുള്ള ഒരു വലിയ പദ്ധതി എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കുകയാണ്. നാടിന്റെ അകമഴിഞ്ഞ സഹകരണംഇതിനായി ഉണ്ടാകണം.
അശരണരായ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ സഹായം ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും സാമൂഹിക നീതി വകുപ്പും സഹകരിച്ച് ഊര്‍ജിതമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സന്നദ്ധ സംഘടനകളും ഇതുമായി സഹകരിക്കുന്നുണ്ട് .നമ്മുടെ നാട്ടില്‍ രോഗിയായ ഒരാള്‍ക്കും ശ്രദ്ധ കിട്ടാത്ത അവസ്ഥ ഉണ്ടാകരുത് അതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. എറണാകുളം എം പി ഹൈബി ഈഡന്‍, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമാ തോമസ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ എ ആന്‍സിയ, സിഎസ്എംഎല്‍ സിഇഒ ഷാജി വി നായര്‍ ,സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X