സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE ഉടൻ വരുന്നു
സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഇ -SPACE ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴിൽ കെ എസ് എഫ് ഡി സി തയ്യാറാക്കുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സർക്കാരിന് കീഴിൽ ഇത്തരത്തിൽ ഒരു ഒ ടി ടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബർ ഒന്നിന് തന്നെ ഇത് പ്രവർത്തന സജ്ജമാകുമെന്നും അറിയാൻ കഴിയുന്നു. ലോകോത്തര സിനിമാസ്വാദനം സാധ്യമാക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ തിയേറ്റർ റിലീസിന് ശേഷമാണ് സിനിമകൾ ലഭ്യമാകുക. അതിനാൽ തിയേറ്റർ വരുമാനം തടസപ്പെടില്ല. ഒ ടി ടി പ്ലാറ്റ്‌ഫോം വഴി ഓരോ തവണ പ്രേക്ഷകർ സിനിമ ആസ്വദിക്കുമ്പോഴും നിശ്ചിത തുക നിർമാതാവിന് ലഭിക്കും. ഡോക്യുമെന്ററികൾ, ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവയും ഇതുവഴി ലഭ്യമാകും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻഗണന നൽകുമെന്നും അറിയാൻ കഴിയുന്നു.