മലയാള സിനിമാ മേഖലയിൽ ആദായ നികുതി റെയ്ഡ്, 225 കോടി കള്ളപ്പണം; പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട്
മലയാള സിനിമാ മേഖലയിൽ ആദായ നികുതി റെയ്ഡ്, 225 കോടി കള്ളപ്പണം കണ്ടെത്തി
മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 15 മുതലായിരുന്നു മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെ്ട്ട സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നിർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനിർത്തിയായിരുന്നു റെയ്ഡ്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്. ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്തർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം തുടരുകയാണ്. ചില തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവ നിർമാതാവിന്‍റെ സാന്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.