സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോണ്‍ഫ്‌ളുവന്‍സ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്‌ളുവന്‍സ്-2024 നവംബര്‍ ആറിന് കൊച്ചിയില്‍ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആശയങ്ങള്‍ കൈമാറുന്നതിനും വിജ്ഞാന വ്യവസായത്തിലെ സുപ്രധാന മാറ്റങ്ങളും പുതിയ കാലത്തെ ജോലികളുടെ ആവിര്‍ഭാവവും ചര്‍ച്ച ചെയ്യുന്നതിനും സമ്മേളനം വേദിയൊരുക്കും. കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (ആര്‍എസ്ഇടി) ആണ് സമ്മേളനത്തിന് വേദിയാകുക.
കേരളത്തിലെ 250-ലധികം ഐടി കമ്പനികളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസും (ജിടെക്) ആര്‍എസ്ഇടിയും ചേര്‍ന്നാണ് 'പ്രതിഭകളുടെ ഭാവി' (ഫ്യൂച്ചര്‍ ഓഫ് ടാലന്റ്) എന്ന പ്രമേയത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി പങ്കെടുക്കും. സമാപന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ സംബന്ധിക്കും.
പ്രൊഫഷണലുകള്‍, അക്കാദമിഷ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന 2,500-ലധികം പ്രതിനിധികള്‍ സമ്മേളനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ കൈമാറുന്നതിനും പങ്കാളിത്ത സാധ്യതകള്‍ക്കുമുള്ള വേദിയായി സമ്മേളനം മാറും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി സംഘാടകര്‍ ധവളപത്രം കൊണ്ടുവരും.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഡയറക്ടര്‍ ദിലീപ് ജോര്‍ജ് എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. മാത്യു കുഴല്‍നാടന്‍ എം എല്‍ എ, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ സി ബാലഗോപാല്‍, ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
സാങ്കേതിക ശില്‍പശാലകള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോ, ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനം, പിഎച്ച്ഡി കോണ്‍ക്ലേവ്, റിസര്‍ച്ച് പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, ടെക്‌നോപാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം), ഐഇഇഇ ഇന്ത്യ കൗണ്‍സില്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവരാണ് പരിപാടിയുടെ സഹ സംഘാടകര്‍.