53–ാം കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലും ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ: ലഭിക്കാതിരുന്ന ഐടിസി റിട്ടേണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് ലഭിക്കും
കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങളാണ്. 53–ാം ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലിലെ പ്രധാന മാറ്റങ്ങളിൽ വളരെ പ്രധാനപ്പെട്ടവ പരിശോധിക്കാം.
സെക്‌ഷൻ 9ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ENA) മനുഷ്യന് ഉപയോഗപ്രദമായ മദ്യം നിർമിക്കുന്നതിനാണെങ്കിൽ ജിഎസ്ടി നിയമത്തിന്റെ പുറത്താണെന്നു വ്യക്തമാക്കുന്നു.
സെക്‌ഷൻ 16(4) പ്രകാരം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നഷ്ടപ്പെട്ടവർക്ക് പുതിയ ബിൽ അനുസരിച്ച് ഇത് എടുക്കാനുള്ള യോഗ്യതയുണ്ട്. ഫിനാൻസ് ബില്ലിൽ സെക്‌ഷൻ 16(5) പ്രകാരം 2017-18 തുടങ്ങി 2020-21 വരെയുള്ള വർഷങ്ങളിൽ ലഭിക്കാതിരുന്ന ഐടിസി GSTR 3B റിട്ടേണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് ലഭിക്കും. 2021 നവംബർ 30നു മുൻപായി GSTR 3B റിട്ടേണിൽ കാണിച്ചിരിക്കണം എന്നുള്ളതു മാത്രമാണു നിബന്ധന
സെക്‌ഷൻ 29 പ്രകാരം റജിസ്ട്രേഷൻ റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിബന്ധനകൾക്കു വിധേയമായി സെക്‌ഷൻ 16(6) പ്രകാരം ഐടിസി ലഭിക്കും.
2024-25 സാമ്പത്തിക വർഷം മുതൽ സെക്‌ഷൻ 73, 74 നോട്ടിസുകളിലെ ഡിമാൻഡുകൾക്കു പകരമായി, സെക്‌ഷൻ 74A ഉൾപ്പെടുത്തി. നികുതി അടയ്ക്കാത്തവർ, തെറ്റായി റീഫണ്ട് വാങ്ങിയവർ, ഐടിസി തെറ്റായി ഉപയോഗിച്ചവർ, തട്ടിപ്പുകേസുകൾ തുടങ്ങിയ വിഭാഗക്കാർക്ക് 2024-25 മുതൽ ഈ സെക്‌ഷൻ ബാധകമാക്കും.
74A പ്രകാരം അടയ്ക്കേണ്ടി വരുന്ന നികുതി (demand) ഒരു സാമ്പത്തിക വർഷം 1000 രൂപയിൽ താഴെയാണെങ്കിൽ നോട്ടിസുകൾ അയയ്ക്കുന്നതല്ല. അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ അയയ്ക്കുന്ന നോട്ടിസിന്റെ സമയ പരിധി ഒരു സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവ് ഫയൽ ചെയ്യേണ്ട തീയതി മുതൽ 42 മാസത്തിനകം വേണമെന്നാക്കി.
പിഴയുടെ കാര്യത്തിൽ fraud /willful misstatement എന്നിവയിൽ ഉൾപ്പെടാത്തവർക്ക് 10000 രൂപയോ നികുതിത്തുകയുടെ 10 ശതമാനമോ ഏതാണോ അധികം അതാണ് അടയ്ക്കേണ്ടത്. Fraud /willful misstatement ൽ വരുന്നവർ നികുതിത്തുകയുടെ 100% അടയ്ക്കേണ്ടതാണ്.
ഓഫിസർ, കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു ശേഷം 12 മാസത്തിനകം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കണം. അല്ലാത്ത പക്ഷം കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ അംഗീകാരത്തോടു കൂടി ഈ കാലാവധി 6 മാസം കൂടി നീട്ടാനുള്ള ഇളവു ലഭിക്കും.
സെക്‌ഷൻ 74A അനുസരിച്ചുള്ള നോട്ടിസ് തരുന്നതിന് മുൻപാണെങ്കിൽ നികുതി ദായകൻ നികുതിയും സെക്‌ഷൻ 50 പ്രകാരമുള്ള പലിശയും അടച്ച് ഓഫിസറെ രേഖാമൂലം അറിയിച്ചാൽ മാത്രമേ മറ്റു നടപടിക്രമങ്ങൾ ഒഴിവാക്കുകയുള്ളൂ.
ഇതുപോലെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചവർക്ക് 60 ദിവസത്തിനകം നികുതിയും പലിശയും അടച്ചാൽ പിന്നീടുള്ള ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാകാം.
സെക്‌ഷൻ 30ലെ ഭേദഗതി അനുസരിച്ച് ‘revocation of cancellation of registration’ ൽ ചില നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്.
സെക്‌ഷൻ 54 – അനുസരിച്ച്, റീഫണ്ടുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന ഭേദഗതി പ്രകാരം ‘export duty’ ക്കു വിധേയമായ ‘zero rated supply of goods’ ന്റെ വാങ്ങലിൽ ഉപയോഗിക്കാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ലഭ്യമല്ല.
53–ാം ജിഎസ്ടി കൗൺസിലിലെ മറ്റൊരു പ്രധാന തീരുമാനം വിട്ടുപോയ വർഷങ്ങളിലെ ആർസിഎം നികുതി ഇപ്പോൾ അടച്ചാൽ ഐടിസി എടുക്കാൻ സാധിക്കുമെന്നതാണ്.
ഇതു പ്രകാരം സ്വീകർത്താവായ നികുതി ദായകൻ ഒരു ഇൻവോയ്‌സ് സ്വയം തയാറാക്കുകയും സെക്‌ഷൻ 31(3) (f) പ്രകാരം ഇതിന്റെ നികുതിയും പലിശയും അടയ്ക്കുകയും വേണം. (Circular No. 211/5/2024 dated 26.06.2024).
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X