ഓഗസ്റ്റിലെ GST കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപ ; ഇറക്കുമതിയിൽ നിന്നുള്ള മൊത്ത ജിഎസ്ടി വരുമാനം 12.1 ശതമാനം ഉയർന്ന് 49,976 കോടി രൂപ
ന്യൂഡൽഹി : ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75 ലക്ഷം കോടി രൂപയോളം ആയാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായിരുന്നു.
2024 ഓഗസ്റ്റിൽ ആഭ്യന്തര വരുമാനം 9.2 ശതമാനം വർധിച്ച് ഏകദേശം 1.25 ലക്ഷം കോടി രൂപയായി മാറി . ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള മൊത്ത ജിഎസ്ടി വരുമാനം 12.1 ശതമാനം ഉയർന്ന് 49,976 കോടി രൂപയായി. 24,460 കോടി രൂപയുടെ റീഫണ്ടുകൾ ഉൾപ്പെടെ മൊത്തം വരുമാനത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉപഭോഗം, നിക്ഷേപം, ഉൽപ്പാദനം, സേവനങ്ങൾ, നിർമ്മാണം തുടങ്ങിയ ജിഡിപി വളർച്ചയ്‌ക്ക് സഹായകരമാകുന്ന കാര്യങ്ങളിൽ 7 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കാർഷിക മേഖല 2 ശതമാനത്തിന്റെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് ആണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ മാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങൾ കാർഷിക മേഖലയെ ബാധിച്ചതായാണ് വിലയിരുത്തൽ.