താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
കോഴിക്കോട് ജി എസ് ടി ഓഫീസാണ് താരസംഘടനയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തേ സംഘടന ജി എസ് ടി രജിസ്ട്രേഷൻ എടുത്തിരുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വകുപ്പ് നോട്ടീസ് അയക്കുകയും സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ സംഘടന ജി എസ് ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപ നികുതി അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് നികുതി അടക്കാതിരുന്നതെന്നായിരുന്നു. സംഘടന അധികൃതർ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ വിദേശത്ത് അടക്കം നടക്കുന്ന സ്റ്റേജ് ഷോകളിൽ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി എസ് ടി പരിധിയിൽ വരുമെന്നും നികുതി അടക്കണമെന്നുമാണ് വകുപ്പ് നിർദ്ദേശിക്കുന്നത്.
അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപയാണ് അടക്കേണ്ടത്.