ത്രിപുരയിൽ മൃഗബലി വിലക്കി കോടതി ഉത്തരവ്
മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്. ത്രിപുരയിലെ ക്ഷേത്രങ്ങളിലാണ് മൃഗബലി നിരോധിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജോയ് കരോള്‍, ജസ്റ്റിസ് അരിന്തം ലോധ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പൊതു ജനതാല്‍പര്യാര്‍ഥം റിട്ടയര്‍ഡ് ജഡ്ജി ഭട്ടാചാരി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹിന്ദു മതത്തിലെ താന്ത്രിക് വിശ്വാസപ്രകാരം ദശ മഹാ വിദ്യയിലെ അനുഷ്ഠാനമാണ് ഇതെന്ന് സംസ്ഥാനസര്‍ക്കാരിന്റെ വാദത്തെ കോടതി നിഷേധിക്കുകയും ക്ഷേത്രങ്ങളില്‍ ദാനമായിക്കിട്ടിയ മൃഗങ്ങള്‍ക്ക് ഉടന്‍ അഭയകേന്ദ്രം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചു. കോടതി വിധി ലംഘിക്കുന്നുണ്ടോ എന്നറിയാനായി ക്യാമറകള്‍ സ്ഥാപിക്കാനും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രം, ചതുര്‍ദാസ് ദേവതാ ബാരി ക്ഷേത്രം എന്നിവിടങ്ങളിലാണ് ആചാരപ്രകാരം ആടുകളെ ബലികഴിക്കുന്നത്. 500 വര്‍ഷം പഴക്കമുള്ള ആചാരമാണിതെന്നാണ് പറയപ്പെടുന്നത്. അതേസമയം മൃഗബലിമാത്രമാണ് കോടതി വിലക്കുന്നതെന്നും മൃഗങ്ങളെ ക്ഷേത്രത്തില്‍ ദാനം ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.