ബാര്‍ കോഴക്കേസ് ഹൈക്കോടതി തീര്‍പ്പാക്കി
കെ. എം. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. ഹൈക്കോടതിയില്‍ വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.
കെ എം മാണിക്ക് എതിരെയുള്ള ബാര്‍ കോഴക്കേസിന്‍റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്ബോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടണം എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരുന്നു വിഎസ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. ഈ കേസിന്‍റെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്‍റെ വാദം. സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസ് ആണിത് എന്നായിരുന്നു വിഎസ് വാദിച്ചത്. കഴിഞ്ഞ ആഴ്ച ബാര്‍ കോഴക്കേസ് പരിഗണിക്കേണ്ടതായിരുന്നു എന്നാല്‍ അത് മാറ്റിവക്കുകയായിരുന്നു.