243 പുതിയ പ്രീമിയം വാക്-ഇന്‍ മദ്യവില്‍പനശാലകള്‍ തുറക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബിവറേജസ് ഔട് ലെറ്റുകള്‍ക്ക് സര്‍കാര്‍ അനുമതി നല്‍കി. ബെവ്കോയുടെ ശുപാര്‍ശ സര്‍കാര്‍ അംഗീകരിച്ചു.
243 പുതിയ പ്രീമിയം വാക്-ഇന്‍ മദ്യവില്‍പനശാലകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. ഔട് ലെറ്റുകളില്‍ നിലവിലെ 267ല്‍ നിന്ന് രണ്ട് മടങ്ങ് വര്‍ധനയാണ് ഉണ്ടാകുക. യുഡിഎഫ് സര്‍കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനും 175 പുതിയ മദ്യശാലകളും നിര്‍മിക്കാനുമാണ് അനുമതി നല്‍കിയത്.
ലോക് ഡൗന്‍ പ്രഖ്യാപിച്ച ശേഷം ബിവറേജസ് കോര്‍പറേഷന്‍ വഴിയുള്ള മദ്യവില്‍പനയില്‍ കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവരികയാണ്. 2016- 17 സാമ്ബത്തിക വര്‍ഷം 205.41 ലക്ഷം കെയ്‌സ് ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റിരുന്നു. 2020- 21 സാമ്ബത്തിക വര്‍ഷം 187.22 ലക്ഷം കെയ്‌സ് ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യവും 72.40 ലക്ഷം കെയ്‌സ് ബിയറുമാണ് വില്‍പന നടത്തിയത്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ ഔട്ലെറ്റുകള്‍ തൃശൂരിലാണ്. 28 പുതിയ ഔട് ലെറ്റുകളാണ് തൃശൂരില്‍ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട് ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസര്‍കോടും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട് ലെറ്റുകള്‍ വീതമാണ് ഇവിടങ്ങളില്‍ തുറക്കുക.
മദ്യശാലകളിലെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ 2021ല്‍ കേരള ഹൈകോടതി സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട് ലെറ്റുകള്‍ തുറക്കാനുള്ള ബെവ്കോയുടെ നിര്‍ദേശം പരിഗണിക്കാനും സര്‍കാരിനോട് കോടതി നിര്‍ദേശിശിച്ചിരുന്നു.
അതേസമയം,സംസ്ഥാനത്ത് ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ ബുധനാഴ്ച് നിയമസഭയില്‍ പറഞ്ഞു. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് എം വി ഗോവിന്ദന്‍ മന്ത്രി സഭയില്‍ പറഞ്ഞു.