കുപ്പിവെള്ളത്തിന് ഇനി മുതല്‍ പതിനഞ്ച് രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു; കാലിക്കുപ്പിക്ക് 2 രൂപ വില നല്‍കും
കുപ്പിവെള്ളത്തിന്‍റെ വില പതിനഞ്ച് രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്‍റെ ഓഫീസില്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കുപ്പിവെള്ളത്തിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. മാര്‍ക്കറ്റിലെ മറ്റു സാധനങ്ങള്‍ പോലെ സ്വയം വില കൂട്ടി വില്‍ക്കാന്‍ കുപ്പിവെള്ള കമ്ബനികള്‍ക്ക് അവകാശമില്ല. നിലവില്‍ ഇരുപത് രൂപയ്ക്ക് വില്പന നടത്തുന്നത് പതിമൂന്ന് രൂപയാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, കാലിക്കുപ്പി (കട്ടിയുള്ളത്) ഉപഭോക്താവില്‍ നിന്ന് തിരിച്ചെടുക്കാമെന്നും അതിന് രണ്ടു രൂപ വില നല്‍കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അതിന്‍ പ്രകാരം കാലിക്കുപ്പികള്‍ റിസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം മലനീകരണ നിയന്ത്രണബോര്‍ഡിന്‍റെ അംഗീകാരത്തോടെ രണ്ട് ജില്ലയില്‍ ഒന്നു വീതം സ്ഥാപിക്കും. കേരളത്തിലുള്ള 110 കുപ്പിവെള്ള കമ്ബനികളുടെ സംഘടനയാണ് കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍. അസോസിയേഷന്‍ പ്രസിഡന്‍റ് രാജീവ് മേനോന്‍, സെക്രട്ടറി വിപിന്‍, വൈസ് പ്രസിഡന്‍റ് എസ്. മനോജ് കുമാര്‍, ജേക്കബ്, തമീസ്, നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.