അസമത്വം ആഗോള പ്രതിസന്ധി; രണ്ട് ദിവസം കൂടുമ്പോള്‍ പുതിയ കോടീശ്വരന്മാര്‍ ഉണ്ടാകുന്നു.
നിരന്തരം ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരു മാറ്റം ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകളും ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത് ജനാധിപത്യത്തെ തീര്‍ത്തും ഇല്ലാതാക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രശ്നമല്ല ഇത്. ആഗോള തലത്തില്‍ ഈ സാമ്പത്തിക അസമത്വം വലിയ വിപത്താണ്. 2017-2018ലെ കണക്കു പരിശോധിച്ചാല്‍ ആഗോള തലത്തില്‍ ഓരോ രണ്ട് ദിവസം കൂടുമ്പോഴും പുതിയ കോടീശ്വരന്മാര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യയില്‍ ഏറ്റവും വലിയ സമ്പന്നരായ ഒരു ശതമാനത്തിന്റെ സമ്പത്ത് 39 ശതമാനമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ വളരെ പാവപ്പെട്ട ആകെ ജനസംഖ്യയുടെ 50 ശതമാനം ആളുകളുടെ സാമ്പത്തിക വളര്‍ച്ച വെറും 3 ശതമാനം മാത്രമാണ്.
സ്ത്രീകളുടെ സാമ്പത്തികം സംബന്ധിച്ചതാണ് ഓക്സ്ഫാം റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. എന്ത് കൊണ്ടാണ് സ്ത്രീകള്‍ ദരിദ്രരില്‍ ദരിദ്രരായി തുടരുന്നു എന്ന് വിശദമായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ പുരുഷന്മാരെക്കാള്‍ 23 ശതമാനം കുറവ് വരുമാനമാണ് സ്ത്രീകള്‍ക്കുള്ളത്. ആകെ സമ്പത്തിന്റെ 50 ശതമാനത്തില്‍ അധികവും പുരുഷന്മാരുടെ പേരിലാണ്. ഇന്ത്യയിലാകട്ടെ, ഒരേ ജോലിയ്ക്ക് തന്നെ പുരുഷന്മാരെക്കാള്‍ 34 ശതമാനം കുറവ് വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.
ഒരു വര്‍ഷം, ലോകത്ത് ആകെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന ശമ്പളത്തിന്റെ കണക്കു നോക്കിയാല്‍ അത് ഏകദേശം 10 ട്രില്യണ്‍ ഡോളര്‍ വരും. അതായത്, ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 43 മടങ്ങാണത്.
നികുതി സംബന്ധിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട കണക്ക്. ലോകത്തെ മുന്‍പന്തിയിലുള്ള സമ്പന്നര്‍ ഈ കാലയളവില്‍ അടച്ച നികുതി അവരുടെ ആകെ വരുമാനവുമായി ഒത്തു പോകുന്നതല്ല. വരുമാനത്തിന് അനുസൃതമായി നികുതി അടക്കാറില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ ചുവടുപിടിച്ച് നടത്തുന്ന ഇത്തരം വെട്ടിപ്പുകള്‍ ആഗോള സാമ്പത്തിക ക്രമത്തെയാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്.
അതിസമ്പന്നര്‍ 7.6 ട്രില്ല്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പാണ് ലോകത്ത് നടത്തുന്നത്. ഒരു വര്‍ഷം വികസ്വര രാജ്യങ്ങളിലെ ആകെ നികുതി വെട്ടിപ്പ് 170 ബില്യണ്‍ ഡോളറാണ്.
തിരിച്ച് ഇന്ത്യയിലേയ്ക്ക് വന്നാല്‍, 18 പുതിയ ബില്യണെയറുകളെയാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ സംഭാവന ചെയ്തത്. ഇപ്പോള്‍ രാജ്യത്തെ ആകെ ബില്യണെയറുകളുടെ എണ്ണം 119 ആണ്. അവരുടെ ആകെ വാര്‍ഷിക വരുമാനം കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതലാണെന്നതാണ് ഏറെ കൗതുകകരം.
മറ്റൊരു കണക്ക് ഇങ്ങനെ, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യം, ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളില്‍ നടത്തുന്ന വരവു ചെലവുകളുടെ ആകെ തുകയേക്കാള്‍ മുകളിലാണ് മുകേഷ് അംബാനിയുടെ സ്വത്ത്.
സാമൂഹിക അസമത്വങ്ങളും അതി ഭീകരമാണെന്ന് പറയാതെ വയ്യ. ഇന്ത്യയിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ ജീവിതകാലം സമ്പത്തയായ സ്ത്രീയെക്കാള്‍ 14.6 വര്‍ഷം കുറവാണെന്നാണ് കണക്കുകള്‍. അതായത്, സാമ്പത്തിക അസമത്വം ഇന്ത്യയുടെ ഭൂരിപക്ഷ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു എന്ന് ചുരുക്കം.
ഉള്‍ഗ്രാമങ്ങളില്‍ വേണ്ടത്ര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഗുരുതര പ്രശ്നമാണ്. കൂലിയില്ലാതെ സ്ത്രീകള്‍ ശരാശരി ഒരു ദിവസം മൂന്ന് മണിക്കൂര്‍ ഇന്ത്യയില്‍ പണിയെടുക്കേണ്ടി വരുമ്പോള്‍ പുരുഷന്മാര്‍ക്ക് ഇത് 30 മിനിറ്റാണ്. അതിനാല്‍, പല സ്ത്രീകളും ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
നികുതി കൃത്യമായി സ്വീകരിക്കുക എന്നതാണ് ഇന്ത്യന്‍ സാമ്പത്തിക അസമത്വവും അസ്ഥിരതയും ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗ്ഗം. പൊതു വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിര്‍ദ്ദേശം. പിരിച്ചെടുക്കാനുള്ള നികുതി ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.