ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി; ഓണ്‍ലൈനില്‍ പുതിയ ഫീചര്‍ അവതരിപ്പിച്ചു
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കി. ഓണ്‍ലൈനില്‍ കൊണ്ടുവന്ന പുതിയ ഫീചര്‍ പ്രകാരം തങ്ങളുടെ മുന്‍ സ്ഥാപനത്തില്‍ നിന്ന് രാജിവച്ച ദിവസം ഇനി ജീവനക്കാര്‍ക്ക് തന്നെ രേഖപ്പെടുത്താം.
അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍നിന്ന് ജോലി മതിയാക്കിയ അവസാന ദിവസം സ്ഥാപനം രേഖപ്പെടുത്തണമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. രണ്ട് മാസത്തിലേറെ ജോലി ഇല്ലാതെ ജീവിക്കുന്ന ഘട്ടമാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും സ്ഥാപനം തന്നെ ഇവര്‍ ജോലി മതിയാക്കിയ ദിവസം അക്കൗണ്ടില്‍ രേഖപ്പെടുത്തണം എന്നായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ഈ നടപടികള്‍ കൂടുതല്‍ എളുപ്പമായി.
എന്നാല്‍ പലപ്പോഴും സ്ഥാപനങ്ങള്‍ ഈ കാര്യങ്ങള്‍ രേഖപ്പെടുത്താത്തത് അക്കൗണ്ട് ഉടമകളെ കഷ്ടത്തിലാക്കിയിരുന്നു. പുതിയ ഫീച്ചര്‍ ജീവനക്കാര്‍ക്ക് ഇപിഎഫ് അക്കൗണ്ടില്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ്. അതേസമയം തൊഴിലാളിക്ക് സ്വന്തം നിലയില്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍, സ്ഥാപനം വിട്ട് രണ്ട് മാസം വരെ കാത്തിരിക്കണം. മുന്‍പ് ജോലി ചെയ്ത സ്ഥാപനം അവസാനമായി വേതനം നല്‍കിയ മാസത്തിലെ ഏത് ദിവസവും ജോലി ചെയ്ത അവസാന തീയതിയായി രേഖപ്പെടുത്താം. ആധാറില്‍ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് മാറ്റം വരുത്തേണ്ടത്. ഒരു തവണ രേഖപ്പെടുത്തിയാല്‍ പിന്നീടൊരിക്കലും ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.