സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിനാൽ അവയുടെ നടത്തിപ്പിൽ പ്രയാസം നേരിടുകയാണ്. ദേശീയ ആരോഗ്യമിഷനു മാത്രം 1000 കോടിയോളം രൂപയാണ് കേന്ദ്രവിഹിതമായി കിട്ടാനുള്ളത്. ഈ തുക സംസ്ഥാനം വഹിക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
1000 കോടിയിലധികം രൂപയാണ് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കിട്ടാനുള്ളതെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിലടക്കം കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട വിഹിതം ലഭിക്കുന്നില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കുടിശ്ശികത്തുക കേന്ദ്രസർക്കാരിൽനിന്നു നേടിയെടുക്കാൻ വിവിധ വകുപ്പുകൾ അതത് കേന്ദ്രമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് കത്തിടപാടുകളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കടമെടുക്കാനുള്ള പരിധിപോലും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. 2023-24ലെ അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകൾപ്രകാരം തൻവർഷം തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഗ്രാന്റുകളിൽ 13,000 കോടി രൂപയുടെ കുറവുണ്ട്.
ജി.എസ്.ഡി.പി.യുടെ 3.5 ശതമാനം കടമെടുക്കാനുള്ള അവകാശം കേരളത്തിനുണ്ട്. പക്ഷേ, 2022-23 വർഷം 2.44 ശതമാനം മാത്രമാണ് എടുക്കാൻ അനുവദിച്ചത്. 2023-24-ൽ 2.8 ശതമാനമാണ് എടുക്കാൻ അനുവദിച്ചത്. ഈ രണ്ടുവർഷത്തിൽ മാത്രം കടമെടുപ്പിലുണ്ടായ കുറവ് 19,000 കോടി രൂപയാണ്.
യുജിസി ശമ്പളപരിഷ്കരണമടക്കം നടപ്പാക്കിയ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതങ്ങൾപോലും വ്യക്തതയില്ലാത്ത കാരണങ്ങൾപറഞ്ഞ് നിഷേധിക്കുന്നതാണ് കേന്ദ്രനിലപാട്.
സംസ്ഥാനത്തിന് കിട്ടാനുള്ള തുകകൾ കിട്ടാതിരുന്നാൽ അത് എല്ലാവരെയും ബാധിക്കുന്നതാണ് എന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനസർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.