ചരക്കു നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു ചരിത്ര നേട്ടം
ചരക്ക്, കണ്ടെയ്നര്‍ നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു വീണ്ടും നേട്ടം. കഴിഞ്ഞമാസം മാത്രം തുറമുഖം വഴിയുള്ള ചരക്കു കയറ്റിറക്ക് 2.857 മില്യണ്‍ മെട്രിക് ടണ്‍ (എംഎംടി) ആയിരുന്നു. തുറമുഖത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണു പ്രതിമാസമുള്ള ചരക്കു കൈകാര്യം ചെയ്യല്‍ ഇത്രയും ഉയരുന്നത്. 2018 ജനുവരിയിലെ 2.825 എംഎംടിയായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കത്തിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി. ഈ കാലയളവില്‍ 26.148 എംഎംടി ചരക്കു നീക്കം നടന്നു. 2017 ഏപ്രില്‍-2018 ജനുവരി കാലയളവിനേക്കാള്‍ എട്ടു ശതമാനം വര്‍ധനയാണിത്. കണ്ടെയ്നറുകളുടെ നീക്കത്തിലും കൊച്ചി തുറമുറഖം നേട്ടം കൊയ്തു. തുറമുഖത്തെ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) ജനുവരിയില്‍ 55,953 ടിഇയു കണ്ടെയ്നര്‍ കൈകാര്യം ചെയ്തു.
2018 മാര്‍ച്ചിലെ 52,476 ടിഇയു ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണ്ടെയ്നര്‍ നീക്കം. 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൊത്തം 482,880 ടിഇയു കണ്ടെയ്നര്‍ നീക്കം നടന്നു. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവിനേക്കാള്‍ 5.11 ശതമാനം വര്‍ധന.
തുറമുഖത്തെ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന് (സിഎഫ്എസ്) കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിലും കാര്യമായ വര്‍ധനയുണ്ട്.