തെരഞ്ഞെടുപ്പ്: 2 ദിവസത്തെ പത്ര പരസ്യങ്ങള്‍ക്ക് എംസിഎംസി അനുമതി വേണം
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടെടുപ്പ് ദിനത്തിലും തലേദിവസവും ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യം നല്‍കുന്നതിന് സംസ്ഥാനതലത്തിലോ, ജില്ലാതലത്തിലോ എംസിഎംസി യുടെ അംഗീകാരം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 22 നും തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 നും അച്ചടിമാധ്യമങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പുറമെ മറ്റ് വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്ക്കും നിര്‍ദ്ദേശം ബാധകമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.