ഇമ്രാന് ഖാന് സമാധാനത്തിന്റെ നൊബേല്‍ നല്‍കണമെന്ന് പാക്കിസ്ഥാനികള്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിന്റെ നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് ആവശ്യവുമായി സോഷ്യല്‍ മീഡിയ ക്യാംപയിന്. പാക്കിസ്ഥാന് പൗരന്മാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയതോടെ പാക്കിസ്ഥാനില്‍ ഇമ്രാന്റെ ജനപ്രീതി വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ പ്രമേയം പാസാക്കുകയും ചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഇത് സംബന്ധിച്ച പ്രമേയം അസംബ്ലിയില്‍ അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി അസംബ്ലി പാസാക്കുകയായിരുന്നു.
ഇമ്രാന് ഖാന് നൊബേല്‍ സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്. #NobelPeacePrizeForImranKhan എന്ന പ്രചരണം ട്വിറ്ററിലും തകൃതിയായി നടക്കുന്നുണ്ട്.
എന്നാല്‍ രാജ്യം നിരവധി സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇത്തരം പ്രചരണം അനാവശ്യമാണെന്ന് വാദിക്കുന്നവരും നവമാധ്യമങ്ങളിലുണ്ട്.