രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം
മികച്ച സേവനത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ പ്രഖ്യാപനം നടത്തിയത്. കൃത്യമായി പറഞ്ഞാൽ 11.52 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ഈ നേട്ടം ലഭിക്കുക. റെയിൽവേ ജീവനക്കാർക്ക് മികച്ച പ്രോത്സാഹനമാകും ഈ നീക്കമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
ബോണസ് നൽകുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന ചെലവ് 2024.40 കോടി രൂപയാണ്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഇത് തുടർച്ചയായ ആറാം വർഷമാണ് റെയിൽജീവനക്കാർക്ക് തുടർച്ചയായി ബോണസ് നൽകുന്നതെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.