കണക്ടിംഗ് ട്രെയിന്‍ മിസ്സായാല്‍ ഇനി പേടിക്കേണ്ട; മുഴുവന്‍ കാശും റെയില്‍വേ തിരിച്ചുതരും
ഒന്നാമത്തെ ട്രെയിന്‍ വൈകിയോടിയത് കാരണം കണക്ടിംഗ് ട്രെയിന്‍ പിടിക്കാന്‍ പറ്റിയില്ലേ? എങ്കില്‍ കാശ് പോയല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ വേണ്ട. കാന്‍സലേഷന്‍ ചാര്‍ജൊന്നുമില്ലാതെ രണ്ടാമത്തെ ട്രെയിനിന്റെ ടിക്കറ്റ് ചാര്‍ജ് മുഴുവന്‍ യാത്രക്കാര്‍ക്കും എളുപ്പത്തില്‍ തിരികെ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നടപടി ആരംഭിക്കുന്നു. ഇതിനായി രണ്ട് ട്രെയിനുകളുടെയും പിഎന്‍ആറുകള്‍ (പാസഞ്ചര്‍ നെയിം റെക്കോര്‍ഡ്) പരസ്പരം ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇ-ടിക്കറ്റുകളുടെയും സാധാരണ ടിക്കറ്റുകളുടെയും പിഎന്‍ആറുകളും പരസ്പരം ബന്ധിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ 2019 ഏപ്രില്‍ 1 മുതല്‍ പുതിയ റീഫണ്ടിംഗ് സമ്ബ്രദായം ഏര്‍പ്പെടുത്താനാണ് റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. ഇതോടെ ഒന്നാമത്തെ ട്രെയിന്‍ വൈകിയെത്തിയത് കാരണം കണക്ടിംഗ് ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നാല്‍ രണ്ടാമത്തെ ട്രെയിനിന്റെ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ട് ഇല്ലാതാകും.
കാന്‍സലേഷന്‍ ചാര്‍ജോ ക്ലറിക്കേജ് ചാര്‍ജോ ഈടാക്കാതെ രണ്ടാമത്തെ ടിക്കറ്റിന് നല്‍കിയ തുക മുഴുവനായും തിരികെ ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. മാത്രമല്ല, ക്ലാസ് വ്യത്യാസമില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റായാലും അല്ലാത്ത സാധാരണ ടിക്കറ്റായാലും റീഫണ്ട് ലഭിക്കും. ആദ്യ ട്രെയിന്‍ ഇറങ്ങിയ സ്‌റ്റേഷനിലെ കൗണ്ടറില്‍ നിന്നു തന്നെ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. പക്ഷെ മൂന്നു ട്രെയിനിറങ്ങി മൂന്ന് മണിക്കൂറിനകം ടിക്കറ്റ് ഹാജരാക്കണം. രണ്ട് ടിക്കറ്റിലെയും പേരുകള്‍ ഒരു പോലെയായിരിക്കണമെന്നും നിബന്ധനയുണ്ട്.