സംസ്ഥാനത്തെ ആദ്യ സീ പ്ലെയിന്‍ സര്‍വീസിന് തുടക്കം : ആദ്യ സര്‍വീസ് മാട്ടുപ്പെട്ടിയിലേക്ക്
കൊച്ചി: സംസ്ഥാനത്തെ ആദ്യ സീ പ്ലെയിന്‍ സര്‍വീസിന് കൊച്ചിക്കായലിലെ പാലസ് വാട്ടര്‍ഡ്രോമില്‍ തുടക്കമായി. സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കനേഡിയന്‍ കമ്പനിയായ ഡിഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണ് സ്‌പൈസ് ജെറ്റിന്റെ സഹകരണത്തോടെ സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ സീ പ്ലെയിനില്‍ ഹ്രസ്വയാത്രയും നടത്തി.
സാമ്പത്തിക ഭേദങ്ങളില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച ഗതാഗത കണക്ടിവിറ്റിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സീപ്ലെയിന്‍ പദ്ധതി ജനകീയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ ഈ പദ്ധതി നടപ്പില്‍ വരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അത്യാധുനിക ദേശീയപാതാവികസനം, മലയോര ഹൈവേ, അതിവേഗ റെയില്‍ ഇടനാഴി തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കുകയാണ്. ഇതിനൊപ്പം സീപ്ലെയിന്‍ സര്‍വീസ് കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തില്‍, കുറഞ്ഞ ചെലവില്‍ എത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വികസനത്തില്‍ കേരളം അതിവേഗം മുന്നോട്ടു കുതിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇതില്‍ പ്രധാന സംഭാവന ടൂറിസം വ്യവസായത്തില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. കൊച്ചിയില്‍ തന്നെ ലോകോത്തര ഹോട്ടല്‍ ശൃംഖലകളുടെ നാല് പ്രൊജക്ടുകള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മേയര്‍ എം അനില്‍കുമാര്‍,സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജുപ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍(ജനറല്‍) പി വിഷ്ണുരാജ്, ഡിഹാവ് ലാന്‍ഡ് ഏഷ്യാ-പസഫിക് മേഖലാ വൈസ്പ്രസിഡന്റ് യോഗേഷ് ഗാര്‍ഗ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ടൂറിസം കേന്ദ്രങ്ങളടക്കമുള്ള വിദൂരപ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാന്‍ പദ്ധതി പ്രകാരം നിരക്കുകളില്‍ ഇളവുകളുമുണ്ടാകും.
ഞായറാഴ്ച പകല്‍ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയല്‍ മോണ്ട്‌ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. യോഗേഷ് ഗാര്‍ഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാന്‍, മോഹന്‍ സിംഗ് എന്നിവര്‍ ക്രൂ അംഗങ്ങളാണ്. സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ നേവി, ഡിഹാവ്‌ലാന്‍ഡ് കാനഡ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സര്‍വേ, ഹൈഡ്രോഗ്രാഫിക് സര്‍വേ എന്നിവയും പൂര്‍ത്തിയാക്കി.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി. യാത്രാസമയത്തിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താന്‍ ഇതിനാകും. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, കുമരകം, മൂന്നാര്‍, പുന്നമട, ബോള്‍ഗാട്ടി, മലമ്പുഴ ഡാം, കാസര്‍കോട്ടെ ചന്ദ്രഗിരി പുഴ തുടങ്ങിയവ വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്