ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയാണ് വ്യവസ്ഥതകളോടെ ജാമ്യം അനുവദിച്ചത്. 35000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ശക്തമായ തെളിവുകള്‍ നിരത്താനായില്ല. പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി തള്ളി.
പ്രതി മദ്യപിച്ചായിരുന്നു വാഹനമോടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു.
ചികിത്സയില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രക്തപരിശോധന റിപ്പോര്‍ട്ടും കേസ് ഡയറിയും ഉച്ചയ്ക്ക് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് നടത്തിയ തിരകഥയാണ് കേസ് എന്ന് പ്രതിഭാഗം വാദിച്ചു.
പ്രതി മദ്യപിച്ചിട്ടില്ല. അന്തസോടെ പൊതുസമൂഹത്തില്‍ ജീവിക്കുന്ന പ്രതിയെ അപകീര്‍ത്തിപ്പെടുത്താനാണ് കേസെന്നും 304 വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് സിജെഎം കോടതി വ്യവസ്ഥയോടെ ശ്രീറാം വെങ്കിട്ടരാമിന് ജാമ്യം അനുവദിച്ചത്.