തേജസ് എക്‌സ്പ്രസ് വൈകി, യാത്രക്കാര്‍ക്ക് റെയില്‍വേയുടെ നഷ്ടപരിഹാരം
തേജസ് എക്‌സ്പ്രസ് വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും എന്നായിരുന്നു ഐആര്‍ടിസിയുടെ പ്രഖ്യാപനം. ഒക്ടോബര്‍ 19ന് തേജസ് വൈകിയത് മൂന്ന് മണിക്കൂര്‍.
ഡല്‍ഹി-ലക്‌നൗ എക്‌സ്പ്രസിലെ യാത്രക്കാരായ 950 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഐആര്‍ടിസിക്ക് ചിലവാകുന്നത് 1.62 ലക്ഷം രൂപ. 19ന് ലക്‌നൗവില്‍ നിന്ന് രാവിലെ 6.10നാണ് തേജസ് എക്‌സ്പ്രസ് യാത്ര തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് പുറപ്പെട്ടതാവട്ടെ 9.55നും. ഉച്ചയ്ക്ക് 12.25നായിരുന്നു ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്നത്. എത്തിയതാവട്ടെ 3.40നും. തിരിച്ച് 3.35ന് ഡല്‍ഹിയില്‍ നിന്ന് എടുത്ത് 10.05ന് ലക്‌നൗവില്‍ എത്തുന്ന വിധമായിരുന്നു ഷെഡ്യൂള്‍. എന്നാല്‍ പിന്നെ ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങിയത് 5.30ന്. ലക്‌നൗവില്‍ എത്തിയത് രാത്രി 11.30നും.
ലക്‌നൗ-ഡല്‍ഹി റൂട്ടിലെ 450 യാത്രക്കാര്‍ക്ക് 250 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുക. ഡല്‍ഹി-ലക്‌നൗ റൂട്ടില്‍ സഞ്ചരിച്ച അഞ്ഞൂറോളം യാത്രക്കാര്‍ക്ക് 100 രൂപ വീതം നല്‍കുമെന്നും റെയില്‍വേ വ്യക്തമാക്കി.