സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന : വീഴ്ചകൾ കാണുന്ന സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഇതിനായി 132 സ്പെഷ്യൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ സ്‌ക്വാഡും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ടീമിനും പ്രത്യേകമായി വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പരിശോധനാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാണ്.
സംസ്ഥാനത്തെ ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്‌ക് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും റെഗുലേഷനുകളും സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് സംസ്ഥാനതല പരിശോധനയുടെ പ്രധാനപ്പെട്ട ഉദ്ദേശം. നിയമപ്രകാരമുള്ള ലൈസൻസ് നേടിയിട്ടുണ്ടോ, ലൈസൻസ് സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികൾ നൽകുന്നതിനുള്ള ടോൾഫ്രീ നമ്പർ പ്രധാന സ്ഥാനത്ത് പ്രദർശിപ്പിച്ചിട്ടുണ്ടോ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടോ, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട് ഉണ്ടോ, ഭക്ഷണസാധനങ്ങൾ പാഴ്സലായി നൽകുന്ന സ്ഥാപനങ്ങൾ എല്ലാം തന്നെ 2 മണിക്കൂറിനകം ഉപയോഗിക്കണം എന്ന ലേബൽ പാക്കേജുകളിൽ പതിക്കുന്നുണ്ടോ എന്നിവ പ്രാഥമികമായി പരിശോധിക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ വസ്തുക്കളും പരിശോധിക്കും.
പരിശോധനയിൽ വീഴ്ചകൾ കാണുന്ന സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിംഗ് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡ് തലത്തിൽ നടക്കുന്ന പരിശോധനകൾ എല്ലാം തന്നെ ഓൺലൈനായി രേഖപ്പെടുത്തുന്നതിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ ഓരോ ജില്ലാ ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്.
ഒരേസമയം നടത്തുന്ന പരിശോധനകളിലൂടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒട്ടുമുക്കാലും ഒരു ദിവസം തന്നെ കവർ ചെയ്യാൻ സാധിക്കുന്നതിലൂടെ സ്ഥാപനങ്ങളിലുള്ള വിവിധ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകി നിലവാരം ഉയർത്തിക്കൊണ്ടു വരികയും, പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കേണ്ടവരെ അതിനു വിധേയരാക്കുകയും ചെയ്ത് പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം എത്തിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം.