വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി
ദില്ലി: ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി.
രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണിത്. 2023 ഫെബ്രുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസൻസ് ആവശ്യമാണ്.
പാൽ, മത്സ്യം, മാംസം, മുട്ട, കൂടാതെ ഇവയുടെ എല്ലാം ഉപ ഉത്പന്നങ്ങൾ എന്നിവ രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉറപ്പാക്കുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
നിലവിൽ രാജ്യത്തേക്ക് ഈ ഭക്ഷ്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നല്കാൻ അധികാരികളോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നൽകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അതിന്റെ പോർട്ടലിൽ രജിസ്റ്റർ നടപടികൾ ആരംഭിക്കുക.