പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു
പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു. കമ്പനിയുടെ ഇറക്കുമതി ചെയ്ത കോഫീ മേറ്റുകളിലാണ് എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. മഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പാക്കേജുകൾ പിടിച്ചെടുത്ത്. പരിശോധനയിൽ ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് കെ. മോഹനൻ, പി.വി ബിജോയി എന്നിവർ പങ്കെടുത്തു.
പാക്കേജിൽ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുന്നതും എം.ആർ.പി മായ്ക്കുക. മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എം.ആർ.പിയേക്കാൾ അധികവില ഈടാക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്. പാക്കേജുകളിൽ രേഖപ്പെടുത്തേണ്ടതായ പ്രഖ്യാപനങ്ങൾ പ്രിന്റ് ചെയ്യുകയോ എല്ലാ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ച ലേബൽ പതിക്കുകയോ ചെയ്യണം. എം.ആർ.പി പോലെയുള്ള ഏതെങ്കിലും ഒരു പ്രഖ്യാപനം മാത്രം രേഖപ്പെടുത്താൻ വേണ്ടി സ്റ്റിക്കറുകൾ ഉപയോഗിക്കുവാനും പാടില്ല. അളവുതൂക്ക ഉപകരണങ്ങൾ, പാക്കേജുകൾ സംബന്ധിച്ചുള്ള പരാതികൾ 'സുതാര്യം' മൊബൈൽ ആപ്പ് വഴി അറിയിക്കാമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺഡ്രോളർ അറിയിച്ചു.