മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ 'ഓപ്പറേഷൻ ഓയിൽ' സ്പെഷ്യൽ ഡ്രൈവ്; ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ വിൽക്കാൻ സാധിക്കൂ
സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതാണ്. ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും നടപ്പിലാക്കും. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഒക്ടോബർ മാസം മുതൽ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 446 പരിശോധനകൾ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 537 പരിശോധനകൾ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഷവർമ നിർമാണത്തിന് സംസ്ഥാനം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.