റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി
സംസ്ഥാനത്തെ ഓട്ടോ മൊബൈല്‍ സ്ഥാപനമായ ഇന്‍ഡസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായി.
രണ്ടുവര്‍ഷ കാലാവധിയില്‍ വേതനത്തില്‍ 3200 രൂപയുടെ വര്‍ധനയും കൂടാതെ മറ്റ് അലവന്‍സുകളിലും ആനുപാതികമായ വര്‍ധയും തൊഴിലാളികള്‍ക്ക് ലഭിക്കും. 2019 ഡിസംബര്‍ 31 ന് മുന്‍പ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ തൊഴിലാളികളേയും 11000 രൂപ പ്രതിമാസ വേതനത്തില്‍ സ്ഥിരപ്പെടുത്തും. 5 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകുന്നമുറയ്ക്ക് എല്ലാ തൊഴിലാളികള്‍ക്കും സര്‍വീസ് വെയ്റ്റേജ് ഉറപ്പുവരുത്തും. എല്ലാ തൊഴിലാളികള്‍ക്കും യൂണിഫോമും കൂടാതെ തയ്യല്‍ കൂലി നിലവിലുളളതില്‍ നിന്നും 10 ശതമാനം വര്‍ധിപ്പിച്ചുനല്‍കും. ഇ.എസ്.ഐ പരിധി കഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിച്ച് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും.
2022 ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുളള ആറ് മാസത്തെ വേതനത്തിന്റെ കുടിശിക 2022 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്ന് തുല്യ ഗഡുക്കളായി നല്‍കും. സ്ഥാപനത്തിന്റെ മേലോട്ടുളള നടത്തിപ്പിന് തൊഴിലാളികളുടെ എല്ലാവിധ പിന്തുണയും ട്രേഡ് യൂണിയനുകള്‍ വാഗ്ദാനം ചെയ്തു. സേവന വേതന വ്യവസ്ഥകളുടെ കാലാവധി 2024 ജൂണ്‍ 30 വരെ ഉണ്ടാകുമെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍ അറിയിച്ചു.