ആമസോണില്‍ നിന്ന് ഇനി ഭക്ഷണം മുതല്‍ വിമാന ടിക്കറ്റ് വരെ ലഭിക്കും; സൂപ്പര്‍ ആപ്പ് ആകാന്‍ ഒരുങ്ങി ആമസോണ്‍
ആമസോണ്‍ ഇന്ത്യയിൽ ഇനി മുതല്‍ ഭക്ഷണം മുതൽ വിമാന ടിക്കറ്റ് വരെ ലഭിക്കും. ആമസോണിനെ സൂപ്പർ ആക്കി മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ പദ്ധതികൾ. ഉപഭോക്തൃ അടിത്തറ വിപുലീകരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുളള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ആമസോണിന്‍റെ ലക്ഷ്യം. ഇതിന്റെ തുടക്കം എന്ന നിലയ്ക്ക് വിമാനടിക്കറ്റ് ബുക്കിംഗിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക. ആമസോൺ വഴി ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും ഉടൻ കമ്പനി ഏര്‍പ്പെടുത്തും. ക്യാബ് ബുക്കിംഗ്, ഹോട്ടല്‍ സ്റ്റേ എന്നിവ ആരംഭിക്കുന്നതിനുള്ള പദ്ധതികളും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. ആമസോണിൽ ഇതിനകം തന്നെ ബില്ലും പേമെന്റും റീ ചാർജിംഗ് സൗകര്യവും ലഭ്യമാണ്. എല്ലാ ആവശ്യങ്ങള്‍ക്ക് ഒരു വിന്‍ഡോ എന്നതാണ് ആമസോണിന്‍റെ ലക്ഷ്യം.
ഫോൺപേ, ഒല, പേടിഎം എന്നിവയൊക്കെ സൂപ്പർ ആപ്പുകളിൽ പെടുന്നവയാണ്. കൂടുതൽ മേഖലകളിലേയ്ക്ക് സേവനങ്ങൾ വ്യാപിപ്പിച്ച് ഈ സൂപ്പർ ആപ്പ് ലിസ്റ്റിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആമസോണും. പ്രമുഖ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' എന്ന പദ്ധതിയും ആമസോൺ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സഹായവും ഉൽപ്പന്നങ്ങളുടെ പ്രചാരണവും നടത്തുന്ന പദ്ധതിയാണ് ആമോസോൺ വിംഗ്സ്. ആമസോൺ വിംഗ്സ് മുഖേന ഏറ്റവും കുറഞ്ഞ തുകയായ 50,000 രൂപ മുതൽ സംരംഭകർക്ക് വായ്പയായി ലഭിക്കും. വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി പണം സമാഹരിച്ചാണ് വായ്പ നൽകുന്നത്.