ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു
കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള ഉഭയകക്ഷി-വാണിജ്യബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സിലായി സാക്കി ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ (എച്എംഎല്‍) കൊച്ചി ഓഫീസ് സന്ദര്‍ശിച്ചു.
ഇന്ത്യയില്‍ നിന്നുള്ള തോട്ടവിള ഉത്പന്നങ്ങളുടെ ഓസ്ട്രേലിയയിലെ വിപണനത്തിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. ഇതിനു പുറമെ ഓസ്ട്രേലിയയിലെ ഗവേഷണ-വികസന മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതയും അവര്‍ പരിശോധിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കയറ്റുമതിയില്‍ 67 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഇനിയും ഉയരാനുള്ള സാധ്യതയേറെയാണെന്നും സിലായി സാക്കി പറഞ്ഞു. ഹാരിസണ്‍സ് മലയാളം തോട്ടങ്ങളില്‍ നടപ്പാക്കുന്ന സുസ്ഥിര വികസന പരിപാടികള്‍, നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയവയെ അവര്‍ പ്രശംസിച്ചു.
തേയില, റബര്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയുടെ ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയെക്കുറിച്ചും ചര്‍ച്ച നടത്തി. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ വന്‍ഡിമാന്‍ഡാണെന്നും അവര്‍ അറിയിച്ചു.
തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്ന് ഹാരിസണ്‍സ് മലയാളം സിഇഒമാരായ ചെറിയാന്‍ എം ജോര്‍ജ്ജും സന്തോഷ് കുമാറും പറഞ്ഞു. തേയിലയടക്കമുള്ള തോട്ടവിള ഉത്പാദനം, വിപണി, ഗുണമേന്മാ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എച്എംഎല്‍ അധികൃതര്‍ അവതരണം നടത്തി.