കേന്ദ്ര–സംസ്ഥാന ബിസിനസ് മീറ്റ് കൊച്ചിയിൽ 27ന്
കേന്ദ്ര പൊതുമേഖലയിലെയും പ്രതിരോധ മേഖലയിലെയും സ്ഥാപനങ്ങളെ മികവും കാര്യക്ഷമതയും ബോധ്യപ്പെടുത്തി ‘വർക്ക് ഓർഡർ’ സ്വന്തമാക്കാൻ സംസ്ഥാന പൊതുമേഖലയിലെ 10 കമ്പനികൾ.
കേന്ദ്ര സ്ഥാപനങ്ങളിൽനിന്നു വ്യാപാരം നേടാൻ സംസ്ഥാന വ്യവസായ വകുപ്പ് 27നു കൊച്ചിയിൽ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ താൽപര്യമറിയിച്ചു.
ഓട്ടോകാസ്റ്റ്, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്), സ്റ്റീൽ ആൻഡ് ഇൻഡസ്ട്രയിൽ ഫോർജിൻസ് ലിമിറ്റഡ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരള ഓട്ടമൊബീൽസ്, കെൽ, സിഡ്കോ, യുണൈറ്റഡ് ഇലക്ട്രിക്കൽസ്, കെൽട്രോൺ, ട്രാക്കോ കേബിൾസ് എന്നിവയാണു കേരളത്തിൽനിന്നു സെല്ലേഴ്സ് ആയി പങ്കെടുക്കുക.
ബയേഴ്സ് ആയി ബിഇഎംഎൽ, ബിപിസിഎൽ, വിഎസ്എസ്‌സി, കൊച്ചിൻ ഷിപ് യാഡ്, ബ്രഹ്മോസ്, ഇൻസ്ട്രമെന്റേഷൻ ലിമിറ്റഡ് പാലക്കാട്, എച്ച്എഎൽ, അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി.
ഹെവി വെഹിക്കിൾസ് ഫാക്ടറി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എച്ച്പിസിഎൽ എന്നിവ ഇതുവരെ സമ്മതം അറിയിച്ചിട്ടുണ്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറി, ബനാറസ് ലോക്കമോട്ടീവ് വർക്സ് എന്നിവയും പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
എംഎസ്എംഇ കമ്പനികൾക്കായി സംസ്ഥാന സർക്കാർ ഇത്തരം ബിടുബി മീറ്റ് നടത്താറുണ്ടെങ്കിലും സംസ്ഥാനത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രമായി കേന്ദ്ര സ്ഥാപനങ്ങളെ എത്തിക്കുന്നത് ആദ്യമായാണ്.
വകുപ്പിനു വേണ്ടി റിയാബാണു മീറ്റ് ഏകോപിപ്പിക്കുന്നത്.