ഇനി വ്യാജപരസ്യങ്ങള്‍ പറ്റില്ല, ഉപഭോക്തൃ സംരക്ഷണ ബില്‍ പാസായി
നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാനും വ്യാജപരസ്യങ്ങള്‍ നിര്‍ത്തലാക്കാനും ഉപഭോക്തൃ സംരക്ഷണ ബില്‍ ലോക്സഭയില്‍ പാസായി. 1986ലെ ഉപഭോക്തൃ സംരക്ഷത്തിന് പകരമായി അവതരിപ്പിച്ച ബില്ലാണിത്. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബില്ല് ലോക്സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മന്ത്രി രാം വിലാസ് പസ്വാന് ബില്‍ വീണ്ടും അവതരിപ്പിച്ചത്. പ്രധാനമായും ഉപഭോക്താക്കളുടെ പരാതിപരിഹാരമാണു ബില്ലിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, നടീനടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കേന്ദ്രം ധനസഹായം ലഭ്യമാക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ തട്ടിപ്പിനിരയായ ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ദേശീയ, സംസ്ഥാന, ജില്ലാതല സമിതികള്‍ നിയോഗിക്കും. പരാതികളില്‍ അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറ്റി (സിസിപിഎ) രൂപീകരിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.
ഉല്‍പ്പന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിന് പരാതി നല്‍കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും. ഉല്‍പ്പന്നത്തിലെ പിഴവ് മൂലം ഉപഭോക്താവിന് പരിക്കേറ്റാല്‍ ഉല്‍പ്പാദകര്‍ക്ക് ജയില്‍ശിക്ഷയുംം പിഴയും ലഭിക്കും.
മായം കലര്‍ന്ന ഭക്ഷണം വില്‍ക്കുന്നതിനെതിരേയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരേയും കര്‍ശന നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത മാധ്യമങ്ങളെ നടപടിയില്‍ നിന്നൊഴിവാക്കും.