നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികൾക്ക് നോർക്കയിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ
കൊച്ചിന്‍ മെട്രോയും നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകളാണ് പ്രവാസികൾക്ക് ലഭിക്കുക.
ബിസിനസ് തുടങ്ങാം
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സൂപ്പര്‍മാര്‍ക്കറ്റ്, കോഫീ ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് കടകൾ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. നോര്‍ക്കാ റൂട്സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്കാ റൂട്സ് വഴി അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്ക് 25 ശതമാനം ഇളവോട് കൂടിയാണ് മെട്രോ സ്റ്റേഷനുകളിലെ കെട്ടിടങ്ങൾ വാടകയ്ക്ക് ലഭിക്കുക.
നിലവിലെ അവസരങ്ങൾ
30 ചതുരശ്ര അടി മുതൽ 5,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് ലഭ്യമാണ്. നിലവിൽ ആലുവ മുതൽ എം.ജി റോഡ് വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള 15 കെട്ടിടങ്ങൾ വാടകയ്ക്ക് ലഭ്യമാണ്. കൊച്ചി മെട്രോയുടെ രണ്ടും മൂന്നും ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ നിരവധി തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും വർദ്ധിക്കും.
പ്രവാസികൾ ബന്ധപ്പെടേണ്ടത് എവിടെ?
ഏഴു മുതല്‍ പത്ത് വര്‍ഷത്തേക്കാണ് കെട്ടിടങ്ങളുടെ വാടക കരാര്‍ കാലാവധി. താല്‍പര്യമുള്ള പ്രവാസികള്‍ നോര്‍ക്കാ റൂട്സിന്‍റെ ബിസിനസ് ഫെസിലിറ്റേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ഇതിനായി [email protected] എന്ന ഇമെയില്‍ വിലാസത്തിലൂടെയോ 9136944492 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയോ 0471-2770534 എന്ന ഫോൺ നമ്പരിലൂടെയോ ബന്ധപ്പെടാം
കൊച്ചി മെട്രോ വികസന പാതയിൽ
പ്രതിമാസം 45,000 നും 50,000 നും ഇടയിലാണ് കൊച്ചി മെട്രോയുടെ റൈഡർഷിപ്പ്. ഭാവിയിൽ ഇത് 80000നും 90000നും ഇടയിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ മെട്രോയിൽ നടക്കുമെന്നും ഇതോടെ കൂടുതൽ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ അവസരമൊരുങ്ങുമെന്നും നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. പ്രവാസികൾക്ക് ലഭിക്കുന്ന ഒരു മികച്ച നിക്ഷേപ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകർക്ക് പരീശീലനം നൽകും
നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപാര്‍ട്മെന്‍റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പദ്ധതിക്കു കീഴില്‍ രജിസറ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പരിശീലനവും നൽകും. വിവിധ ജില്ലകളിലാകും സംരഭകത്വ പരിശീലനം നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.