വിവരാവകാശ തെളിവെടുപ്പിന് ഹാജരായില്ല, സമൻസ് അയക്കാൻ ഉത്തരവ് ; നേരിൽ ഹാജരായില്ലെങ്കിൽ വാറണ്ട് അയച്ച് ഹാജർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ
വിവരാവകാശ കമ്മിഷൻ തിങ്കളാഴ്ച കൊച്ചിയിൽ നടത്തിയ തെളിവെടുപ്പിൽ പങ്കെടുക്കാതിരുന്ന മഹാത്മാഗാന്ധി സർവ്വകലാശാല രജിസ്ട്രാർക്കും കളമശ്ശേരി നഗരസഭ സെക്രട്ടറിക്കും കമ്മിഷന്റെ സമൻസ്.
രജിസ്ട്രാർ അയച്ച പകരക്കാരനെ തിരിച്ചയച്ചു. നഗരസഭയിലെ വിവരാധികാരിക്കും സമൻസുണ്ട്. ഇവർ ഈ മാസം 19 നും 21 നും തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണം.
ഇല്ലെങ്കിൽ വാറണ്ട് അയച്ച് ഹാജർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളെ സംബന്ധിച്ച ആർ ടി ഐ അപേക്ഷകൾക്ക് സഹകരണ വകുപ്പ് ഇടപെട്ട് വിവരം ലഭ്യമാക്കണം. മറ്റൊരു ഓഫീസിലുള്ള വിവരങ്ങൾക്ക് നിയമ പ്രകാരം അപേക്ഷ അയച്ചുനല്കാതെ പരാതിക്കാരനോട് പുതിയ അപേക്ഷ നല്കാൻ പറഞ്ഞ സഹകരണ വകുപ്പിലെ വിവരാധികാരിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നല്കും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് എന്നിവിടങ്ങളിലെ അപേക്ഷകളിലെ വിവരങ്ങൾ തെളിവെടുപ്പിൽ ലഭ്യമാക്കി.