സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1000 കോടി സ്വരൂപിക്കാന്‍ കേരളം; നാല് സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി
കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ സ്വരൂപിക്കുന്നു. സീഡിങ് കേരള ഉച്ചകോടിയുടെ ഭാഗമായാണ് അടുത്ത നാല് വര്‍ഷത്തിനിടയില്‍ ഇത്രയും ഫണ്ട് സ്വകാര്യ നിക്ഷേപകരില്‍ നിന്ന് കണ്ടെത്തുകയെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ അറിയിച്ചു.
യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്‌സ്, എക്‌സീഡ് ഇലക്‌ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്, സ്‌പെഷ്യാലെ ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാല് എയ്ഞ്ചല്‍ ഫണ്ടുകള്‍. ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമാകും എക്‌സീഡ് ഫണ്ട് നിക്ഷേപിക്കുക.
നാല് ഫണ്ടുകള്‍ ചേര്‍ന്ന് 1000 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപസാധ്യതകളാണ് നല്‍കിയതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. ഈ ഫണ്ടുകളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ തെരഞ്ഞെടുത്തത്. വാഗ്ദാനംചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നാലുവര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കണമെന്നതാണ് കരാര്‍. അതിനാല്‍ 300 കോടി രൂപയുടെ നിക്ഷേപം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ വിവിധ വികസനഘട്ടങ്ങളില്‍ നടത്തുന്ന നിക്ഷേപമാണ് എയ്ഞ്ചല്‍ നിക്ഷേപം. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ധ പങ്കാളിത്തവും ഇതിലുള്‍പ്പെടും. എയ്ഞ്ചല്‍, വിസി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് ഓഫ് ഫണ്ട് മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാറിന് ലഭിച്ച 34 താല്‍പര്യ പത്രങ്ങളില്‍ നിന്നാണ് നാല് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് സീഡിങ് കേരള പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നിക്ഷേപക്കുറവ് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.