പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കായുള്ള വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു.
ന്യൂഡെല്‍ഹി: പ്രത്യേക സാമ്ബത്തിക മേഖല ചട്ടങ്ങള്‍ 2006, ചട്ടം 43 എ പ്രകാരം പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കായുള്ള വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തു.
രാജ്യവ്യാപകമായി, എല്ലാ പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും ബാധകമായ ഐകരൂപ്യമുള്ള, വര്‍ക്ക് ഫ്രം ഹോം (WFH) നയത്തിനുള്ള വ്യവസ്ഥ വേണമെന്ന വ്യവസായമേഖലയുടെ ആവശ്യപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്ബ് ബന്ധപ്പെട്ട കക്ഷികളുമായി വാണിജ്യ വകുപ്പ് നിരവധി തവണ ചര്‍ച്ചകള്‍ നടത്തി.
ചട്ടം 43 എ പ്രകാരമുള്ള വിജ്ഞാപനം പ്രത്യേക സാമ്ബത്തിക മേഖലയിലെ ഒരു സ്ഥാപനത്തിലെ (Unit) താഴെപ്പറയുന്ന വിഭാഗം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നു:
i. പ്രത്യേക സാമ്ബത്തിക മേഖലയിലെ IT/ITeS സ്ഥാപനങ്ങളിലെ ജീവനക്കാര്‍
ii. താത്കാലിക വൈകല്യം നേരിടുന്ന ജീവനക്കാര്‍
iii. യാത്രയിലുള്ള ജീവനക്കാര്‍
iv. ഓഫ്-സൈറ്റ് ജീവനക്കാര്‍
പുതിയ വിജ്ഞാപനം അനുസരിച്ച്, ഒരു സ്ഥാപനത്തിലെ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പരമാവധി 50% ജീവനക്കാര്‍ക്ക് WFH അനുവദിക്കാവുന്നതാണ്. രേഖാമൂലം വ്യക്തമാക്കുന്ന ന്യായമായ കാരണങ്ങളാല്‍ 50%-ല്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് WFH അനുവദിക്കാന്‍ SEZ ഡവലപ്‌മെന്റ് കമ്മീഷണര്‍ക്ക് (DC) അധികാരം നല്‍കിയിട്ടുണ്ട്.
പരമാവധി ഒരു വര്‍ഷത്തേക്കാണ് വര്‍ക്ക് ഫ്രം ഹോം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം DC-ക്ക് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ജീവനക്കാര്‍ ഇതിനോടകം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന SEZ യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം ഇത് സംബന്ധിച്ച അംഗീകാരം നേടുന്നതിനായി 90 ദിവസത്തെ പരിവര്‍ത്തന കാലയളവ് വിജ്ഞാപനത്തില്‍ അനുവദിച്ചിട്ടുണ്ട്.
WFH പ്രകാരം അംഗീകൃത പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി SEZ യൂണിറ്റുകള്‍ ഉപകരണങ്ങളും സുരക്ഷിതമായ കണക്റ്റിവിറ്റിയും നല്‍കും. WFH അവസാനിക്കുന്നതോടെ അനുവദിക്കുന്ന ഉപകരണങ്ങള്‍ പുറത്തുകൊണ്ടുപോകാനുള്ള അനുമതിയും സ്വാഭാവികമായി അവസാനിക്കും.