രാഷ്ട്രപതി ഒപ്പുവെച്ചതോടെ IPC, CrPC, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.
ക്രിമിനല്‍ നിയമ പരിഷ്കാരങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി.
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് പുതിയ ബില്ലുകള്‍ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകള്‍ പാസാക്കിയിരുന്നത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി.) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്‍.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് നേരത്തെ പാസാക്കിയിരുന്നത്. ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷ.
1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിര്‍മ്മാണം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമങ്ങള്‍ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിര്‍വഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.