നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ്
നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ് ഇറക്കി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തോട് ചേർന്ന് നിർമ്മിച്ച ഫ്ലാറ്റ് 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് ഉത്തരവ്. ഇല്ലാത്ത റോഡ് ഉണ്ടെന്ന് വ്യാജമായി കാണിച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെടുത്തു എന്ന് പരിശോധനയിൽ കണ്ടെത്തി
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള ഫ്ലാറ്റ് അനധികൃത നിർമാണം നടത്തിയെന്ന് കോച്ചി കോർപറേഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ ഉത്തരവ് നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ കെ പി മുജീബ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഫ്ലാറ്റ് നിർമാതാക്കൾ 20 വർഷം മുമ്പ് നിർമാണം തുടങ്ങുമ്പോൾ 7 മീറ്റർ വഴിയുണ്ടെന്ന് കോർപറേഷന് അനുമതിയ്ക്കായി നൽകിയ രേഖയിൽ പറയുന്നു. എന്നാൽ ആ ഏഴുമീറ്റർ വഴി കെ പി മുജീബ് എന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണെന്ന് പരിശോധനയിൽ കോർപറേഷൻ കണ്ടെത്തി. അപേക്ഷയിൽ സമർപ്പിച്ച 7 മീറ്റർ വഴിയുടെ രേഖ ഹാജരാക്കാൻ ബിൽഡേഴ്സിനോ ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്ന ഉടമകൾക്കോ കഴിഞ്ഞില്ല. ഇതോടെയാണ് അനധികൃത കെട്ടിടം പൊളിച്ച് നീക്കാൻ കോർപ്പറേഷൻ ഉത്തരവിറക്കിയത്.
ഏഴുമീറ്റർ വഴിയില്ലാതായതോടെ മുജീബിൻ്റെ പറമ്പിലൂടെ ഫ്ലാറ്റുടമകൾ വഴി വെട്ടുകയും അതിൽ പൊലീസ് ഇടപെടുകയും ചെയ്തു. ഭൂമിയിൽ സുരക്ഷയ്ക്കായി നിർത്തിയ ജീവനക്കാരെ പാലാരിവട്ടം പൊലീസ് രാത്രി എത്തി മർദിച്ചതായും പരാതിക്കാരൻ പറയുന്നു. ഫ്ലാറ്റിലെ രണ്ട് കെട്ടിട സമുച്ഛയങ്ങളിലായി 40 കുടുംബങ്ങളാണ് താമസിക്കുന്നത്.