ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്
താരതമ്യം ഇല്ലാത്ത പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്' എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എ- ആണ് കടയ്ക്കല്‍ ഉള്‍പ്പെടെ 100 വീടുകള്‍ സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ‘മനസ്സോടുത്തിരി മണ്ണ്' ക്യാമ്പയിനിന്റെ ഭാഗമായി കടയ്ക്കലിലെ വ്യാപാരി അബ്ദുള്ള വിലയ്ക്ക് വാങ്ങിയ ഒരേക്കര്‍ ഭൂമിയിലാണ് 25 വീടുകള്‍ നിര്‍മ്മിക്കുക.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലൈഫ്മിഷന്‍ മുഖേന 4,24,800 വീടുകള്‍ പൂര്‍ത്തിയായതായും 1,14,000 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ മറ്റെങ്ങും നടപ്പിലാക്കാത്ത ബൃഹത്തായ ഭവന നിര്‍മ്മാണ പദ്ധതിയെന്ന പേരില്‍ ലൈഫ് മിഷന്‍ ചരിത്രത്തില്‍ ഇടം പിടിക്കും.
നാലുലക്ഷമാണ് സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നത്. മറ്റൊരു സംസ്ഥാനത്തും ഈ തുകയുടെ പകുതി പോലും നല്‍കുന്നില്ല. 17961 കോടി രൂപയാണ് കേരളം ചിലവഴിച്ചത്. 2421 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. ലയണ്‍സ് പോലുള്ള സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരെല്ലാം പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാര്‍ വൃത്തിയായും സമയബന്ധിതമായും ഉറപ്പുകള്‍ നടപ്പിലാക്കുവെന്ന വിശ്വാസമാണ് ഇത്തരം പിന്തുണയ്ക്ക് പ്രേരിപ്പിക്കുന്നത്.
സമാനമായി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭൂരഹിതരായ 1000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ രണ്ടര ലക്ഷം രൂപ വീതം 25 കോടി നല്‍കി. സമയബന്ധിതമായി ഭൂമി ഉറപ്പാക്കിയതിനെത്തുടര്‍ന്ന് വീണ്ടും 1000 പേര്‍ക്ക് ഭൂമി നല്‍കാന്‍ തയ്യാറായി. എത്തേണ്ട ഇടങ്ങളില്‍ തന്നെ സഹായം എത്തുന്നവെന്ന സംഘടനകളുടെയും കൂട്ടായ്മയുടെയും വിശ്വാസമാണ് സര്‍ക്കാരിനെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2026 ആകുമ്പോഴേക്കും ആറര ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി മുഖേന പൂര്‍ത്തിയാകും.
ലൈഫ് മിഷനുമായി കൈകോര്‍ക്കാന്‍ രംഗത്തെത്തിയ ലയണ്‍സ് ഇന്റര്‍നാഷണലിനെ മന്ത്രി അഭിനന്ദിച്ചു.
രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള എന്നിവ ഉള്‍പ്പെട്ട 454 ചതുരശ്രയടി വിസ്തീര്‍ണമുള്ള കോണ്‍ക്രീറ്റ് വീടുകളാണ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നത്.
താമസക്കാര്‍ക്ക് തുടര്‍ സേവനങ്ങള്‍ക്കായി ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും. 2025 ജൂണ്‍ 30 നകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗ്രാമപഞ്ചായത്തിലെ 25 ലൈഫ് ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കടയ്ക്കല്‍ കോട്ടപ്പുറത്ത് നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് ഷാജി പദ്ധതി വിശദീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 എ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം എ വഹാബ്, ലയണ്‍സ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ജെയിന്‍ സി ജോബ്, വസ്തു സംഭാവന നല്‍കിയ അബ്ദുള്ള, മറ്റ് ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...