ക്രെഡിറ്റ് കാര്‍ഡ് വഴി ജിഎസ്ടി പേയ്മെന്റ് സൗകര്യമൊരുക്കി പേമേറ്റ് ആപ്പ്
ഡിജിറ്റല്‍ ബി ടു ബി പേയ്മെന്റ് സേവനദാതാക്കളായ പേമേറ്റ് ഇന്ത്യ ലിമിറ്റഡ് ഇടപാടുകാര്‍ക്കായി പേമേറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു. വെണ്ടര്‍ പേമെന്റുകള്‍ക്കൊപ്പം കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ജിഎസ്ടി പേമെന്റുകള്‍ക്കും ഈ ആപ്പില്‍ സൗകര്യമുണ്ട്. പേമേറ്റ് മുഖേന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ വെണ്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പേമെന്റ് നടത്താം. ബിസിനസ് സ്ഥാപനങ്ങളും സംരഭകരും പലയിടത്തായി ജിഎസ്ടി അടക്കേണ്ട വികേന്ദ്രീകൃത സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ ജിഎസ്ടി പേമേറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ചലാന്‍ ജനറേറ്റ് ചെയ്ത് ജിഎസ്ടിഐഎന്‍ നമ്പര്‍ നല്‍കി തങ്ങളുടെ കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജിഎസ്ടി അടക്കാം. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആപ്പ് സ്വമേധയാ ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യും. ജിഎസ്ടി അറിയിപ്പുകള്‍ എസ് എം എസ് ആയും വാട്‌സാപ്പ് മുഖേനയും ഉപയോക്താക്കളിലെത്തിക്കാനുള്ള സംവിധാനവും പേമേറ്റ് ആപ്പിലുണ്ട്.
കോര്‍പറേറ്റ് സ്ഥാപനങ്ങളും ചെറുകിട ബിസിനസ് സംരംഭങ്ങളും പരമ്പരാഗതമായി എന്‍ഇഎഫ്ടി/ആര്‍ടിജിഎസ് ഉപയോഗിച്ച് നടത്തി വന്ന പേമെന്റുകള്‍ കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യാവുന്ന സൗകര്യമാണ് പേമേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനമൊരുക്കുന്ന ആദ്യ ബിടിബി പേമെന്റ് സേവനമാണ് തങ്ങളുടേതെന്ന് പേമേറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് ആദിശേഷന്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ 45 ദിവസം വരെ കാലാവധിയുള്ള ഈട് രഹിത വായ്പ ലഭിക്കുമെന്ന സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.