അവസരങ്ങളുടെ അനന്തസാധ്യതകളുമായി വ്യാപാര്‍ 2022 ലെ ഭക്ഷ്യസംസ്ക്കരണ സ്റ്റാളുകള്‍
രാജ്യത്ത് സംസ്ക്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ വിപണിയില്‍ 32 ശതമാനം കേരളത്തിലാണെന്നാണ് കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വറുവല്‍ ഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലുമാണ് കേരളത്തില്‍ ഏറ്റവുമധികം സംരംഭങ്ങള്‍. ഇതില്‍ വിദേശ-ആഭ്യന്തര വിപണികള്‍ ഒരുപോലെ ലക്ഷ്യം വയ്ക്കുന്ന ഉത്പന്നങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
വലിയ സാധ്യതകളാണ് ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ കേരളത്തിനുള്ളതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യം വയ്ക്കുന്ന വ്യവസായങ്ങള്‍ ഉള്ളതിനാല്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസംസ്ക്കരണവുമായി ബന്ധപ്പെട്ട 150 ഓളം സ്റ്റാളുകളാണ് വ്യാപാര്‍ 2022 ല്‍ ഉള്ളത്. ഇതില്‍ വെളിച്ചെണ്ണ, ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ എന്നിവയ്ക്കാണ് ബയേഴ്സ് കൂടുതലെത്തുന്നത്.
ഏതാണ്ട് അഞ്ച് വര്‍ഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലൊഴികെ ചക്ക ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. സാധാരണ വറുവല്‍ പലഹാരമെന്ന നിലയിലും ഔഷധമൂല്യമുള്ള ഭക്ഷ്യോത്പന്നമെന്ന നിലയിലും ചക്കയുടെ ഡിമാന്‍റ് കൂടിവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ വെളിച്ചെണ്ണയോടുള്ള തൊട്ടുകൂടായ്മ മാറി വന്നതോടെ വെര്‍ജിന്‍ വെളിച്ചെണ്ണയുടെ നല്ലകാലം തെളിഞ്ഞുവെന്ന് സംരംഭകനായ അനാജില്‍ പാലക്കാടന്‍ പറഞ്ഞു. രണ്ട് തരത്തിലാണ് വെര്‍ജിന്‍ വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. കോള്‍ഡ് പ്രസും, കോള്‍ഡ് പ്രോസസ്ഡും. ഇതില്‍ ഒട്ടും ചൂടാകാതെ തേങ്ങാപ്പാലില്‍ നിന്ന് എടുക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ഡിമാന്‍റ് കൂടുതല്‍. അതിനാല്‍ വിശ്വാസ്യതയും ഗുണമേന്മയും പൂര്‍ണമായും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശയിനം പഴവര്‍ഗങ്ങളും നാട്ടില്‍ പൊതുവെ ഇല്ലാത്ത പഴ വര്‍ഗങ്ങളുടെയും പാനീയങ്ങളും വ്യാപാര്‍ 2022 ല്‍ ഇടം പിടിച്ചിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട്, ഞാവല്‍, കിവി, മുതലായ പഴവര്‍ഗങ്ങളുടെ പാനീയത്തിന് മികച്ച ഡിമാന്‍റാണെന്ന് സംരംഭകനായ മനോജ് എം ജോസഫ് പറഞ്ഞു.
കറിപ്പൊടികള്‍, തേന്‍, ഔഷധമൂല്യമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയാണ് മറ്റ് സ്റ്റാളുകള്‍.
സൂക്ഷ്മതലത്തിലുള്ള തൊഴിലവസരങ്ങള്‍ ഏറെ സൃഷ്ടിക്കുന്നതാണ് ഭക്ഷ്യ സംസ്ക്കരണ സംരംഭങ്ങളെന്ന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സി.ഇ.ഒ സൂരജ് എസ് പറഞ്ഞു. യുവാക്കള്‍ ഏറ്റവുമധികം കടന്നു വരുന്ന സംരംഭക മേഖലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകളാണ് നടക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്. അവസാന ദിനമായ ഇന്ന് രാവിലെ 11 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.