ജിഎസ്ടി വെട്ടിപ്പ് തടയാൻ സർക്കാർ "ആപ്പ് " ; സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ച് വാങ്ങി നേടാം 5 കോടിയുടെ സമ്മാനം
തിരുവനന്തപുരം : ചരക്ക് സേവന നികുതി സംബന്ധിച്ച് വെട്ടിപ്പുകൾ തടയുന്നതിനും സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ച് വാങ്ങാൻ പൊതുജനത്തെ പ്രേരിപ്പിക്കുന്നതിനായി ലക്കി ബിൽ ആപ്പ് ഇറക്കാൻ കേരള സർക്കാർ. പ്രതിവർഷം 5 കോടി രൂപയുടെ വരെ സമ്മാനങ്ങൾ നേടാനുള്ള അവസരവും ലക്കി ബിൽ ആപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്.
ആപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16-ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും.
പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കുന്നത്.
ഇത് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ച് വാങ്ങാൻ പൊതുജനത്തെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും.
ജനങ്ങൾ നൽകുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിൻറെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും അപ്‌ലോഡ് ചെയ്യപ്പെടുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബംബർ സമ്മാനവും ലഭിക്കും.