റോബോട്ടിക് റൗണ്ട് ടേബിള്‍ റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം
കൊച്ചി: നൂതനസാങ്കേതിക വിദ്യയില്‍ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഐഡിസി സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിളിലെ റോബോട്ടിക് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത് ഭാവിയുടെ കാഴ്ചകള്‍. പത്ത് എഞ്ചിനീയറിംഗ് കോളേജുകളുടേതടക്കം 31 കമ്പനികളാണ് തങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന റോബോട്ടിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
റോബോട്ടിക് റൗണ്ട് ടേബിള്‍ ഉദ്ഘാടനം ചെയ്യാന്‍ വ്യവസായ മന്ത്രി പി രാജീവ് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് യുണീക് വേള്‍ഡ് റോബോട്ടിക്സിന്‍റെ രണ്ട് റോബോട്ട് നായ്ക്കളാണ്. ഇതു കൂടാതെ ഉദ്ഘാടനത്തിന് റിമോട്ടെത്തിച്ചത് അസിമോവ് റോബോട്ടിക്സിന്‍റെ ഹ്യൂമനോയിഡ് സായയും.
റോബോട്ടിക് രംഗത്തെ ഭാവിയെന്തായിരിക്കും എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് പ്രദര്‍ശനത്തിലുടനീളം കാണാനായത്. റോബോട്ടിക്സ് രംഗത്ത് കേരളത്തിന്‍റെ അഭിമാനമായ ജെന്‍ റോബോട്ടിക്സ്, ശസ്ത്ര റോബോട്ടിക്സ്, അസിമോവ്, ഐറോവ്, നവ ടെക്നോളജീസ് എന്നിവയുടെ ഉത്പന്നങ്ങള്‍ക്ക് പുറമെ പുതിയ വാണിജ്യ മാതൃകകളുമായി എട്ട് എന്‍ജിനീയറിംഗ് കോളേജുകളും പ്രദര്‍ശനത്തിനെത്തിയിരുന്നു.
റോബോട്ടിക് ഷെഫുമായി കോട്ടയത്തെ സെ.ഗിറ്റ്സ് കോളേജ്, അണ്ടര്‍വാട്ടര്‍ ഡ്രോണുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ്, മുട്ടുവേദന കുറയ്ക്കുന്ന റോബോട്ടിക്സ് ഉപകരവുമായി തിരുവനന്തപുരത്തെ ട്രിനിറ്റി എന്‍ജിനീയറിംഗ് കോളേജ്, മൂക വ്യക്തികള്‍ക്ക് ആംഗ്യത്തിലൂടെ സ്പീക്കര്‍ വഴി സംസാരിക്കാന്‍ സാധിക്കുന്ന ജെസ്റ്റ് ടോക്കുമായി തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളേജ്, ഹ്യൂമനോയിഡ് റോബോട്ടുമായി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജ്, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനാവുന്ന റോവറുമായി എറണാകുളത്തെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹെവി ഡ്യൂട്ടി ഡ്രോണുമായി കാലടി ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കുട്ടികള്‍ക്കുള്ള റോബോട്ട് നിര്‍മ്മാണ കിറ്റായ യൂണിബോട്ടിക്സുമായി തിരുവനന്തപുരം മാര്‍ ബസേലിയസ് എന്‍ജിനീയറിംഗ് കോളേജ്, വ്യവസായികാവശ്യത്തിനുള്ള റോബോട്ടിക് കൈയ്യുമായി ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എന്‍ജിനീയറിംഗ് കോളേജിലെ ജെസ്റ്റോ മിമിക്കിംഗ് എന്നിവര്‍ മികച്ച സാന്നിദ്ധ്യമറിയിച്ചു.
വിജ്ഞാനം റോബോട്ടിലൂടെ എന്ന പ്രമേയത്തിലാണ് എഡ്യു റോബോട്ടുകളുടെ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എട്ടു വയസ് മുതലുള്ള കുട്ടികള്‍ക്ക് കളിക്കാനും അതു വഴി റോബോട്ടിക് സാങ്കേതികവിദ്യയുടെ സങ്കീര്‍ണതകളില്‍ പ്രാവീണ്യം നേടാനും ഇതു വഴി സാധിക്കുന്നു. റോബോട്ട് നിര്‍മ്മാണ കിറ്റുകളാണ് ഇന്‍കെര്‍, യുണീക് വേള്‍ഡ്, ജെന്‍എക്സ്മൈ എന്നിവര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ശയ്യാവലംബിതാരായ രോഗികള്‍ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനും ഫിസിയോതെറാപ്പി പോലുള്ള വ്യായാമങ്ങള്‍ ചെയ്യാനും സഹായിക്കുന്ന റോബോട്ടിക് സ്യൂട്ട ആണ് ആസ്ട്രെക് ഹെല്‍ത്ത് ടെക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പേശികളുടെ ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റോബോട്ടിക് കൃത്രിമ കൈയുമായി ബെന്‍ഡിറ്റ ബയോണിക്സും പ്രദര്‍ശനത്തിനുണ്ട്.
അണ്ടര്‍വാട്ടര്‍ ഡ്രോണുമായി ഡിആര്‍ഡിഒയുടെ കരാര്‍ സ്വന്തമാക്കിയ കേരളത്തിലെ ഐറോവ്, കോര്‍ റോബോട്ടിക്സ്, പ്രതിരോധമേഖലയ്ക്കായി തയ്യാറാക്കിയ ആളില്ലാ നിരീക്ഷണ ബോട്ട് ലൈവ്ബോട്ടിക്സ്, ഓട്ടോമാറ്റിക് സൈനിക വാഹനവുമായി ഐഹബ് എന്നിവരും പ്രദര്‍ശനത്തിനുണ്ട്.
കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഫ്യൂസലേജ് ഇനോവേഷന്‍സ്, ട്രാവന്‍കൂര്‍ ഏവിയേഷന്‍സ് ഡ്രോണ്‍ എന്നിവയും ശ്രദ്ധയാകര്‍ഷിച്ചു. തെങ്ങ് ചെത്തുന്നതിനുള്ള ഉപകരണവുമായി നവ ടെക്നോളജീസും വേറിട്ടു നിന്നു.
വിവിധോദ്യേശ്യ ഉപരിതല വാഹനങ്ങളുമായി ഫ്ളോ മൊബിലിറ്റി, എഎല്‍ആര്‍ ബോട്സ്, ടെറോബോട്ടിക്സ് എന്നിവയും കൗതുകമുണര്‍ത്തി. ഫോര്‍ ഡി പ്രിന്‍റിംഗുമായി സ്പേസ് ടൈം, ഉത്പന്ന പ്രചാരത്തിനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപയോഗിക്കാവുന്ന റോബോ ആഡ് എന്നിവയും ഭാവിയില്‍ ഈ മേഖലയില്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്‍റെ സൂചനകളായി.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X