ഡിജിറ്റൽ പണമിടപാടുകളിൽ വൻ കുതിപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പണമിടപാടുകളിൽ ദൃശ്യമാകുന്നത് വൻ കുതിപ്പ്. 5.47 ലക്ഷം കോടി രൂപ മതിക്കുന്ന 280 കോടി യു.പി.ഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) ഇടപാടുകളാണ് ജൂണിൽ നടന്നത്; ഇത് സർവകാല റെക്കാഡാണ്. 5.04 ലക്ഷം കോടി രൂപ മൂല്യവുമായി ഈ വർഷം മാർച്ചിൽ കുറിച്ച 273 കോടി ഇടപാടുകളാണ് പഴങ്കഥയായത്. മേയ് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 11.56 ശതമാനവും എണ്ണം 10.6 ശതമാനവും ഉയർന്നുവെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) കണക്കുകൾ വ്യക്തമാക്കി. 254 കോടി ഇടപാടുകളാണ് മേയിൽ നടന്നത്. മൂല്യം 4.90 ലക്ഷം കോടി രൂപ.