കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.
സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍ അരവിന്ദാക്ഷനെ നേരത്തെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ഇന്ന് രാത്രിയോടെ ഒന്നിച്ച് കോടതിയില്‍ ഹാജരാക്കും.
കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും സി.കെ ജില്‍സ് പ്രതിയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ജില്‍സ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ നിരപരാധിയാണെന്നും ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞതനുസരിച്ചാണ് താൻ പ്രവര്‍ത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
കേസില്‍ നിലവില്‍ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് അരവിന്ദാക്ഷൻ പരാതി നല്‍കിയിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിലെടുക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി കൂടുതല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പൊലീസ് കൊച്ചി ഇ.ഡി ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് ഇ.ഡി നീങ്ങുന്നത് എന്നാണ് സൂചന. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.