കേരളത്തിന്‍റെ സ്വന്തം ബാങ്ക് ഈ വര്‍ഷം തന്നെയെന്ന് ധനമന്ത്രി
ഈ വര്‍ഷം കേരളത്തില്‍ നടക്കാന്‍ പോകുന്നു ഏറ്റവും നിര്‍ണ്ണായക സംഭവം കേരള ബാങ്ക് രൂപീകരണമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കായിരിക്കും കേരള സഹകരണ ബാങ്ക്. കേരള ബാങ്കിന് പ്രവാസികളുടെ ഫണ്ട് ശേഖരിക്കാന്‍ കഴിയും, ഇതോടെ ബാങ്കിന്‍റെ മൂലധന ശേഷി 57761 കോടി രൂപയില്‍ നിന്ന് 64741 കോടി രൂപയിലേക്ക് ഉയരുമെന്നും ബജറ്റ് രേഖയില്‍ സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നമ്മുടെ സംസ്ഥാനവുമായി ജൈവ ബന്ധമുളള ബാങ്കുകളെല്ലാം പുറത്തുളളവര്‍ ഏറ്റെടുത്ത് കഴിഞ്ഞതായി ബജറ്റ് രേഖ പറയുന്നു. ഇതുമുലം സംസ്ഥാനത്ത് വലിയ ധനകാര്യ വിടവ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടതായും ഇതിനുളള പരിഹാരമാണ് കേരള ബാങ്കെന്നും ധനമന്ത്രി വ്യക്തമാക്കി.
നബാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങളില്‍ സമവായം ഉണ്ടാകാന്‍ പ്രയാസം ഉണ്ടാകില്ലെന്നും, റബ്കോയുടെയും മാര്‍ക്കറ്റ് ഫെഡിന്‍റെയും കിട്ടാക്കടം 306 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതോടെ ബാങ്ക് രൂപീകരണത്തിന്‍റെ ഭാഗമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായും ബജറ്റ് രേഖ പറയുന്നു.