സഹകരണ ബാങ്കുകളുടെ ധനസമാഹരണത്തിനുള്ള ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
പ്രാഥമിക (നഗര) സഹകരണ ബാങ്കുകളുടെ ധനസമാഹരണത്തിനുള്ള ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശിച്ചു. അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്കുകളുടെ (യുസിബി) ഓഹരി മൂലധനവും സെക്യൂരിറ്റികളും ഇഷ്യു ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് സര്‍ക്കുലര്‍ ബുധനാഴ്ച ആര്‍ബിഐ പുറത്തിറക്കി.
'യുസിബികള്‍ക്ക് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ സമാഹരിക്കാന്‍ അനുവാദമുണ്ട്. അംഗങ്ങളായി ചേരുന്ന, അവയുടെ പ്രവര്‍ത്തന മേഖലയിലുള്ള വ്യക്തികള്‍ക്ക് ബൈലോയിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികള്‍ നല്‍കാം. നിലവിലെ അംഗങ്ങള്‍ക്ക് അധിക ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിനും സാധിക്കും,' വിജ്ഞാപനം വ്യക്തമാക്കുന്നു.
അംഗങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ നോമിനികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി മൂലധനത്തിന്റെ റീഫണ്ട് നല്‍കുന്നത് ചില നിബന്ധനകള്‍ക്ക് വിധേയമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാക്കിയ ഏറ്റവും പുതിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ പ്രകാരവും നിയമാനുസൃത പരിശോധനയില്‍ റിസര്‍വ് ബാങ്ക് വിലയിരുത്തിയതു പ്രകാരവും ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (സിആര്‍എആര്‍) 9 ശതമാനത്തില്‍ കുറയരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. അത്തരം റീഫണ്ടിന്റെ ഫലമായി ബാങ്കിന്റെ മൂലധന പര്യാപ്തത ചട്ടപ്രകാരമുള്ള കുറഞ്ഞ പരിധിയായ 9 ശതമാനത്തില്‍ താഴെയാകരുത്.
നിക്ഷേപങ്ങളുടെ ചട്ടപ്രകാരമുള്ള വ്യത്യസ്ത സവിശേഷതകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും നിക്ഷേപകരെ ബോധവല്‍ക്കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. നിക്ഷേപ ഉപകരണങ്ങളുടെ സവിശേഷതകളും അപകടസാധ്യതകളും മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിക്ഷേപകരില്‍ നിന്ന് ഒപ്പു വാങ്ങണെമെന്നും സഹകരണ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്‌ലോട്ടിംഗ് റേറ്റ് നിക്ഷേപ ഉപകരണങ്ങളെ സ്ഥിര നിക്ഷേപ നിരക്കിന് മാനദണ്ഡമാക്കരുതെന്നും നഗര സഹകരണ ബാങ്കുകളോട് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സഹകരണ മേഖലയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചിരുന്നു. ആര്‍ബിഐ-യുടെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനം വൈകാതെ പ്രഖ്യാപിക്കപ്പെട്ടേക്കും.